മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന് താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
സീറ്റ് പ്രതിസന്ധി സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം വ്യാപിക്കുന്നതിനെ തുടർന്ന് വിളിച്ച് ചേർത്ത സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിന് ശേഷമാണ് മന്ത്രി തീരുമാനം വ്യക്തമാക്കിയത്. അധിക ബാച്ച് സംബന്ധിച്ച തീരുമാനങ്ങളെടുക്കാല്‍ രണ്ടംഗ സമിതിക്ക് ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് നിലവില്‍ ഉള്ളത്. മലപ്പുറത്ത് 7 താലൂക്കില്‍ സയൻസ് സീറ്റ് അധികവും കൊമേഴ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകള് കുറവുമാണുള്ളത്. ഈ സാഹചര്യത്തിലാണ് മലപ്പുറത്ത് പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അധിക ബാച്ച് തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ് 5 നുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കും. ഹയർസെക്കൻഡറി ജോയിൻ ഡയറക്ടറും മലപ്പുറം ആർ.ആർ.ഡിയുമാണ് സമിതി അംഗങ്ങള്‍. സമിതിയുടെ റിപ്പോർട്ടിന്റെ അതിന്റെ അടിസ്ഥാനത്തിലാവും പ്രവേശനം നടത്തുകയെന്നും മന്ത്രി അറിയിച്ചു. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്സിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും വി ശിവൻ കുട്ടി വ്യക്തമാക്കി.