കണ്ണൂർ : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് 10 ലക്ഷം രൂപ കവറേജുള്ള അപകട ഇൻഷുറൻസ് പോളിസി നൽകുന്നു. തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് കുറഞ്ഞ വാർഷിക പ്രീമിയത്തിൽ 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടം മൂലമുണ്ടാകുന്ന ആശുപത്രി വാസത്തിന് പരമാവധി ഒരുലക്ഷം രൂപ ആശുപത്രി ചെലവും ഏഴുദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവരികയാണെങ്കിൽ 10,000 രൂപ കൺവലെസെൻസ് ആനുകൂല്യമായും നൽകും. മരിക്കുകയാ ണെങ്കിൽ നോമിനിക്ക് 10 ലക്ഷം രൂപയും പോളിസി ഉടമയുടെ കുട്ടികൾക്ക് ഒരുലക്ഷം രൂപ വിദ്യാഭ്യാസ ആനുകൂല്യവും നൽകും. തപാൽ വകുപ്പിൻ്റെ എല്ലാ ശാഖകളിലും സേവനമുണ്ട്. ആധാർ കാർഡ്, നോമിനിയുടെ പേരും ജനന തീയതിയും, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുമാണ് അംഗമാകാൻ വേണ്ടത്.
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ തൊഴിലുറപ്പ് വേതനം പോസ്റ്റ് ഓഫീസുകൾ വഴി ലഭിക്കും. ആധാറുമായി ബന്ധിപ്പിച്ച് അക്കൗണ്ട് തുടങ്ങുന്നതിനാൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പ്രോഗ്രാം, സബ്‌സിഡികൾ എന്നിവയും ഇതുവഴി കൈമാറും. അക്കൗണ്ട് തുടങ്ങുന്നതിലൂടെ വാതിൽപ്പടിയിൽ ബാങ്കിങ് സേവനം ലഭ്യമാകും.