Zygo-Ad

പഞ്ഞി മിഠായിക്ക് കേരളത്തിലും നിരോധനം

കൊച്ചി: നിറത്തിനായി ചേർക്കുന്ന റോഡമിൻ ബി വില്ലൻ. പഞ്ഞിമിഠായിക്ക് (കോട്ടണ്‍ കാൻഡി) കേരളത്തിലും നിരോധനം. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയില്‍ ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴിക്കോട് റീജിയണല്‍ അനലറ്റിക്കല്‍ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

കൃത്രിമ നിറം ചേർത്ത പഞ്ഞിമിഠായിയുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.

പഞ്ചസാരയാണ് മിഠായിയിലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തില്‍ പഞ്ചസാര ഇട്ട് കറക്കിയാണ് ഇത് നൂല്‍ പോലെയാക്കുന്നത്. നിറത്തിനായി റോഡമിൻ ബി ഉള്‍പ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്ബ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തി നിർമ്മാണം തടഞ്ഞിരുന്നു. എന്നിട്ടും വിപണിയില്‍ സുലഭമായതിനെ തുടർന്നാണ് നിരോധനം. ഇനിയും വിറ്റാല്‍ ക്രിമിനല്‍ കേസും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടികളും നേരിടേണ്ടിവരും.

ഉത്തരേന്ത്യൻ രുചി

ഉത്തരേന്ത്യക്കാ‌രാണ് കേരളത്തില്‍ വ്യാപകമായി മിഠായി കുടില്‍ വ്യവസായമായി നിർമ്മിക്കുന്നതും വില്‍ക്കുന്നതും. ഒരു വിധ ലൈസൻസും ഇല്ലാത്ത ഇവർക്കെതിരെ കർക്കശമായ നടപടികള്‍ എളുപ്പമല്ല. പരിശോധനാ റിപ്പോർട്ട് വരുമ്പോഴേക്കും വില്‍പ്പനക്കാർ നാടുവിട്ടിട്ടുണ്ടാകും.

കേരളത്തില്‍ കൂടുതലും പിങ്ക് നിറത്തിലെ പഞ്ഞിമിഠായിക്കായിരുന്നു ഡിമാൻഡ്. ചില ഹോട്ടലുകളിലും വിവാഹം ഉള്‍പ്പടെയുള്ള സ്വകാര്യ പരിപാടികളിലും തത്സമയം പഞ്ഞിമിഠായി ഉണ്ടാക്കി നല്‍കാറുണ്ട്.

റോഡാമിൻ ബി എന്ന വില്ലൻ

ടെക്സ്റ്റൈല്‍, ലെതർ, കോസ്മെറ്റിക് ഉല്പാദനത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് നിറമാണ് റോഡമിൻ ബി. ഇവ ഭക്ഷ്യവസ്തുക്കളില്‍ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മനംപിരട്ടലും ഛർദ്ദിയും മുതല്‍ വയറിളക്കം, കാൻസർ, ഹൃദ്രോഗങ്ങള്‍, വൃക്ക, കരള്‍ രോഗങ്ങള്‍, ഹോർമോണ്‍ പ്രശ്നങ്ങള്‍ക്ക് വരെ ഇത് വഴിയൊരുക്കും.

വളരെ പുതിയ വളരെ പഴയ