Zygo-Ad

പ്ലസ് ‌വൺ മൂന്നാം അലോട്മെന്റ:ജില്ലയിൽ സീറ്റ് ഉറപ്പിച്ചത് 28241 പേർ,പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചു മണി വരെ

പ്ലസ്‌വൺ മൂന്നാം അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ സ്കൂളിൽ ചേരാം. പുതുതായി അലോട്മെന്റ് ലഭിച്ചവരും രണ്ടാം അലോട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും സമയ പരിധിക്കുള്ളിൽ ഫീസടച്ച് സ്ഥിരം പ്രവേശം നേടണം. മൂന്നാം അലോട്മെന്റോടെ ഈ വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം പൂർത്തിയാകുന്നതിനാൽ താത്കാലിക പ്രവേശനത്തിൽ തുടരാൻ അനുമതിയില്ല.

സപ്ലിമെന്ററി അലോട്മെന്റ് ഘട്ടം ജൂലായ് രണ്ടിനു തുടങ്ങും. ഇതുവരെ പ്രവേശനം കിട്ടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷ പുതുക്കിനൽകണം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റിന്റെ വിശദാംശം ജൂലായ് രണ്ടിനു ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതു പരിശോധിച്ചുവേണം അപേക്ഷ പുതുക്കുന്നതിനുള്ള ഓപ്ഷൻ നൽകാൻ. സീറ്റൊഴിവുള്ള സ്കൂളിനും വിഷയത്തിനും മാത്രമേ ഓപ്ഷൻ സ്വീകരിക്കൂ.

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ മെറിറ്റ്, നോണ്‍ മെറിറ്റ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലായി ആകെ 35700 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ആകെയുള്ള 28,655 മെറിറ്റ് സീറ്റുകളില്‍ 441 സീറ്റാണ് ഇനി ബാക്കിയുള്ളത്. ജനറല്‍ ക്വാട്ടയില്‍ ഇനി 363 സീറ്റുകള്‍ ബാക്കിയുണ്ട്.

സ്പോർട്സ് ക്വാട്ടയില്‍ ആകെയുള്ള 684 സീറ്റുകളില്‍ 401 പേരാണ് പ്രവേശനം നേടിയത്. കമ്യൂണിറ്റി ക്വട്ടയില്‍ ആകെയുള്ള 1421 സീറ്റുകളില്‍ 457 സീറ്റുകളില്‍ മാത്രമാണ് പ്രവേശനം നേടിയത്. 964 സീറ്റുകള്‍ ഇനി ബാക്കിയുണ്ട്.

മാനേജ്മെന്‍റ് ക്വാട്ടയില്‍ ആകെയുള്ള 2677 സീറ്റുകളില്‍ 2449 സീറ്റുകളും ബാക്കിയാണ്. അണ്‍എയ്ഡഡ് ക്വാട്ടയില്‍ 2300 സീറ്റുകളില്‍ ആകെ അഞ്ച് വിദ്യാർഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്. വിവിധ ക്വാട്ടകളിലായി 6474 സീറ്റുകള്‍ ഇനി ജില്ലയില്‍ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ പ്ലസ് വണ്ണിന് ആർക്കും സീറ്റ് ലഭിക്കാതെ വരില്ലെന്ന് അധികൃതർ പറഞ്ഞു.

ജില്ലയില്‍ ഇത്തവണ പരീക്ഷ എഴുതിയ 36,070 വിദ്യാര്‍ഥികളില്‍ 36024 പേരും വിജയിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ