Zygo-Ad

രണ്ട് ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴയും 50 കി.മി വേഗതയിൽ കാറ്റും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം  ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22  തീയതികളിൽ അതി തീവ്രമായ  മഴക്കും, മെയ്‌ 20 മുതൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ-അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് പ്രവചനം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  മെയ്‌ 22-ഓടെ  ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തെക്കൻ  തീരദേശ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ നിന്ന്  വടക്കൻ കർണാടക വരെ  ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

വളരെ പുതിയ വളരെ പഴയ