സംസ്ഥാനത്ത് എച്ച്എസ്ഇ, വിഎച്ച്എസ്ഇ ഉൾപ്പെടെ പ്ലസ്വൺ ക്ലാസുകളിൽ ലഭ്യമായുള്ളത് 4,66,261 സീറ്റ്. ഹയർ സെക്കൻഡറിയിലെ 4,33,231ഉം വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ 33,030 സീറ്റും ഉൾപ്പെടെയാണ് ഇത്. ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയ 4,25,563 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. ഇവർക്കെല്ലാം അഡ്മിഷൻ ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം.
പ്ലസ്വൺ പ്രവേശനത്തിനുള്ള ഓൺലൈൻ നടപടി ശനിയാഴ്ച അവസാനിച്ചപ്പോൾ ആകെ 4,65,960 അപേക്ഷകരാണുള്ളത്. ഇതിൽ എസ്എസ്എൽസി പാസായവരെക്കൂടാതെ സിബിഎസ്ഇ, ഐസിഎസ്ഇ മറ്റു വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുമുണ്ട്. ഉപരിപഠനത്തിന് എച്ച്എസ്ഇ, വിഎച്ച്എസ്ഇ എന്നിവ കൂടാതെ ഐടിഐ, പോളിടെക്നിക് എന്നിവയുമുണ്ട്. ഐടിഐയിൽ 61,429ഉം പോളിയിൽ 9990ഉം ഉൾപ്പെടെ എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകളുടെ എണ്ണം 5,37,680 ആണ്. ഒരു വിദ്യാർഥിതന്നെ എച്ച്എസ്ഇയിലും വിഎച്ച്എസ്ഇയിലും അപേക്ഷിക്കാറുണ്ട്. ഇതും അപേക്ഷകരുടെ എണ്ണം കൂട്ടും. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്. വിഎച്ച്എസ്ഇയിൽ ഏകദേശം 35,000 അപേക്ഷകർ.