ചൂട് കനത്തതോടെ കടലില്‍നിന്നുള്ള മത്സ്യങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു. മാർച്ച്-ഏപ്രില്‍ മാസങ്ങളില്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരുന്ന കണവയും അയലയും പകുതിപോലും കിട്ടാനില്ല
കടലില്‍ ചൂട് കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ മുകള്‍ത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകുന്നതാണ് മീൻ കുറയാൻ കാരണം.
സാധാരണ വേനല്‍ക്കാലത്ത് കൂടുതലായി കിട്ടിയിരുന്ന ചെമ്മീനും നെത്തോലിയും ചാളയും കിട്ടാനില്ല. മീൻപിടിക്കാൻ പോകുന്നവരില്‍ നല്ലൊരുഭാഗവും ഒഴിഞ്ഞ യാനവുമായാണ് തിരികെ എത്തുന്നത്. കടുത്ത ദുരിതത്തിലായിരിക്കുകയാണ് മത്സ്യബന്ധനമേഖലയിലെ തൊഴിലാളികള്‍. ട്രോളിങ് നിരോധനത്തിനുമുൻപുള്ള സീസണിലും മണ്‍സൂണ്‍ സീസണിലുമാണ് മത്സ്യലഭ്യത കൂടുതലുള്ളത്. എന്നാല്‍ രണ്ടുവർഷം മുൻപുള്ള ട്രോളിങ് നിരോധന കാലയളവിനുശേഷം മത്സ്യലഭ്യതയില്‍ കേരളത്തില്‍ ഗണ്യമായ കുറവുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്നത് വിഴിഞ്ഞത്തിനു വടക്കുവശംമുതല്‍ കൊച്ചിക്ക് തെക്കുവശംവരെയുള്ള കൊല്ലം ഫിഷിങ് ബാങ്കിലാണ്. വ്യത്യസ്ത ഇനം മത്സ്യങ്ങളും കൂടുതലായി ലഭിക്കുന്നത് ഇവിടെനിന്നാണ്. എന്നാല്‍ ഇവിടെനിന്ന് നേരത്തേ ഉള്ളതിന്റെ നാലിലൊന്ന് മത്സ്യംപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനംപോലും മത്സ്യസമ്പത്തിനെ ബാധിക്കുന്നതാണ്. താപനില കൂടിത്തുടങ്ങുമ്പോൾ മുതല്‍ മീൻ ഉള്‍ക്കടലിലേക്കു പോകും. താപനില കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ദിവസം കടലില്‍ തങ്ങാനുമാകില്ല. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള യാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ അവിടെപ്പോയും മീൻപിടിക്കാനാകുന്നില്ല. തമിഴ്നാട്, ആന്ധ്രാ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഇപ്പോള്‍ കേരളത്തിലേക്ക് കൂടുതലായി മത്സ്യങ്ങള്‍ എത്തിക്കുന്നത്.
മീൻ കിട്ടാതെവരുന്നതും കടല്‍ക്ഷോഭവും ഇന്ധനവില കൂടുന്നതുമെല്ലാം മത്സ്യമേഖലയെ തളർത്തുകയാണ്. ഒരു ബോട്ട് കടലില്‍പ്പോകുമ്പോള്‍ ഒരുലക്ഷം രൂപയിലധികമാണ് ചെലവ്. ദിവസങ്ങളോളം കടലില്‍ കിടന്നാലും മുടക്കുമുതല്‍പോലും ലഭിക്കാതെ മടങ്ങുകയാണിപ്പോള്‍.