സംസ്ഥാനത്ത് അമിത ലോഡ് വഹിക്കുന്നതിന് പിന്നാലെ ട്രാൻസ്ഫോർമറുകള്‍ പണിമുടക്കുന്നത് പതിവാകുന്നു. വൈദ്യുതി ഉപഭോഗം പ്രതിദിനം കുതിച്ചുയരുന്നതിനാല്‍ അമിത ലോഡില്‍ ട്രാൻസ്ഫോർമറുകള്‍ കേടാവുകയാണ്.
എന്നാല്‍ ഇതിന് ആവശ്യമായ സംവിധാനമൊരുക്കുന്നതിനോ പ്രശ്നം പരിഹരിക്കാനോ കഴിയാതെ വലയുകയാണ് കെഎസ്ഇബി. നിലവില്‍ ട്രാൻസ്ഫോർമറുകളും പുതിയ മീറ്ററും സെക്ഷൻ ഓഫീസുകളില്‍ ലഭ്യമല്ല. വ്യവസായ-വാണിജ്യ മേഖലയില്‍ പ്രവർത്തിക്കുന്നവരെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കണക്ഷന് വേണ്ടി പണമടച്ച് കാത്തു നില്ക്കുന്നുവെന്നല്ലാതെ നടപടിയില്‍ പുരോഗതിയില്ല. വ്യാവസായിക-വാണിജ്യ മേഖലകളില്‍ ഭൂരിഭാഗവും പകല്‍ സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ഏറെയുള്ളവ ആയതിനാല്‍ വൻ തുകയാണ് കെഎസ്ഇബിക്ക് നഷ്ടമാകുന്നത്.
പുതിയ ട്രാൻസ്ഫോർമറുകള്‍ സ്ഥാപിക്കുകയോ അല്ലെങ്കില്‍ പഴയ ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുകയോ ചെയ്താല്‍ മാത്രമാകും പ്രതിസന്ധിക്ക് പരിഹാരമാകുക. എന്നാല്‍ ട്രാൻസ്ഫോർമറുകള്‍ക്കും എനർജി മീറ്ററുകള്‍ക്കും ഉണ്ടായിരിക്കുന്ന ക്ഷാമം വലിയ പ്രതിസന്ധിക്ക് കാരണമാകുകയാണെന്ന് അധികൃതർ വ്യക്തമാക്കി.