Zygo-Ad

കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള 3 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

കേരളം : യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ദുബൈയില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി.

ഫ്‌ലൈ ദുബൈയുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി – ദുബൈ സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി – ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി – ശാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. അതേസമയം, മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച (16.04.2024) ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മുഴുവന്‍ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലര്‍ചെ മുതല്‍ വൈകിട്ടുവരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയര്‍ലൈനുകളുടെ വെബ്‌സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കും.

വളരെ പുതിയ വളരെ പഴയ