Zygo-Ad

ബെംഗളൂരു മലയാളികള്‍ക്ക് നാളെ കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും (പാലക്കാട് വഴി) 2 സ്പെഷല്‍ ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ പശ്ചിമ റെയില്‍വേ; മടക്ക സർവീസ് 26ന് പുറപ്പെടും. ഓണ്‍ലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

കേരളം : ബെംഗളൂരു മലയാളികള്‍ക്ക് കേരളത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനായി നാളെ കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും (പാലക്കാട് വഴി) 2 സ്പെഷല്‍ ട്രെയിൻ അനുവദിച്ച്‌ ദക്ഷിണ പശ്ചിമ റെയില്‍വേ.മടക്ക സർവീസ് 26ന് പുറപ്പെടും. ഓണ്‍ലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

എസ്‌എംവിടി ബയ്യപ്പനഹള്ളി-കൊച്ചുവേളി സ്പെഷല്‍ (06549) നാളെ വൈകിട്ട് 3.10നു ബയ്യപ്പനഹള്ളിയില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7നു കൊച്ചുവേളിയിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്ബത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളില്‍ നിർത്തും. 14 തേഡ് ഇക്കോണമി എസി, 4 ടു ടയർ എസി കോച്ചുകളാണുള്ളത്.

കൊച്ചുവേളി-ബയ്യപ്പനഹള്ളി എസ്‌എംവിടി സ്പെഷല്‍ (06550) 26നു രാവിലെ 8നു കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.50നു ബയ്യപ്പനഹള്ളിയിലെത്തും. എസ്‌എംവിടി ബയ്യപ്പനഹള്ളി-മംഗളൂരു സെൻട്രല്‍ സ്പെഷല്‍ (06553) നാളെ വൈകിട്ട് 6നു ബയ്യപ്പനഹള്ളിയില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10നു മംഗളൂരുവിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്ബത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളില്‍ നിർത്തും.

മംഗളൂരു സെൻട്രല്‍-എസ്‌എംവിടി ബയ്യപ്പനഹള്ളി സ്പെഷല്‍ (06554) 26ന് ഉച്ചയ്ക്ക് 12ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 3ന് ബയ്യപ്പനഹള്ളിയിലെത്തും. 2 സ്ലീപ്പർ, 4 എസി ത്രിടയർ, 1 എസി ടുടയർ, 4 ജനറല്‍ കോച്ചുകളാണ് ട്രെയിനിനുള്ളത്.

വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുന്നവർക്കായി കേരള, കർണാടക ആർടിസികള്‍ അനുവദിച്ച സ്പെഷല്‍ ബസുകളിലെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തീർന്നു. കേരള ആർടിസി നാളെ മാത്രം 16 സ്പെഷല്‍ ബസുകളാണ് ഇന്നലെ വരെ അനുവദിച്ചത്. ബസുകള്‍ ലഭിക്കുന്നതിനനുസരിച്ച്‌ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് കൂടുതല്‍ സ്പെഷല്‍ ബസുകള്‍ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സ്പെഷല്‍ ബസുകളില്‍ ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. കർണാടക ആർടിസി 21 സ്പെഷല്‍ ബസുകളാണ് അനുവദിച്ചത്. കൂടാതെ മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്കും സ്പെഷല്‍ ബസ് ഏർപ്പെടുത്തി. സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് മള്‍ട്ടി ആക്സില്‍ സ്ലീപ്പർ ബസില്‍ നാളത്തെ നിരക്ക് 3400-3800 രൂപവരെയാണ് ഉയർന്നത്. കാർപൂളിങ് ഉള്‍പ്പെടെയുള്ള മാർഗങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങുന്നവരും കുറവല്ല.

വളരെ പുതിയ വളരെ പഴയ