Zygo-Ad

കനത്ത ചൂടിനൊപ്പം വൈദ്യുതി നിരക്ക് കൂട്ടാന്‍ കെ.എസ്.ഇ.ബി.നീക്കം.

തിരുവനന്തപുരം: കനത്ത ചൂടിനൊപ്പം വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർധന വരുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചു. വൈദ്യുതി വാങ്ങിയ 68.68 കോടി രൂപ പിരിഞ്ഞ് കിട്ടാത്തതിനാൽ നിലവിലുള്ള സർചാർജിന് പുറമെ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതനുവദിച്ചാൽ വൈദ്യുതി യൂണിറ്റിന് 33 പൈസ കൂടും. സർക്കാരിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കമ്മിഷൻ അന്തിമ തീരുമാനം കൈക്കൊള്ളുക. കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിയ അവസ്ഥയിൽ സർചാർജ് കൂടിയാൽ വൈദ്യുതി ബിൽ സാധാരണക്കാരെ പൊള്ളിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് പ്രതിമാസം 19 പൈസ ഈടാക്കാൻ നേരത്തേ തന്നെ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ട്. ഇതിന് പുറമെ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ്റെ പൊതു തെളിവെടുപ്പിൽ 14 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ജൂൺ മുതൽ സെപ്റ്റംബർ വരെ അധികമായി വൈദ്യുതി വാങ്ങിയതിൽ ഇനിയും 60. 68 കോടി രൂപ പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കഴിഞ്ഞ ദിവസം ബോർഡിന്റെ പെറ്റിഷനിൽ റഗുലേറ്ററി കമ്മിഷൻ വാദം കേട്ടെങ്കിലും ഉത്തരവ് വൈകും. കെ.എസ്.ഇ.ബിക്ക് പറയാനുള്ളത് വിശദമായി കേട്ടെങ്കിലും സർക്കാരിന്റെ അഭിപ്രായം കൂടി കേട്ട ശേഷമെ കമ്മീഷൻ തീരുമാനം എടുക്കൂ. അതേസമയം, തെരഞ്ഞെടുപ്പു കാലമായതിനാൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന.

അനുമതി നൽകിയാൽ ഫെബ്രുവരി, മാർച്ച് മാസത്തെ ബില്ലിൽ യൂണിറ്റിന് 33 പൈസ വീതം ജനങ്ങൾക്ക് സർചാർജ് അടക്കേണ്ടിവരും. അതായത് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 33 രൂപ കൂടും.

വളരെ പുതിയ വളരെ പഴയ