കേന്ദ്ര സർക്കാരിൻ്റെ ഇലക്ടറല്‍ ബോണ്ട് അഴിമതിക്ക് പിന്നാലെ പി എം കെയേഴ്സ് ഫണ്ടിനെ കുറിച്ചും സംശയമുന്നയിച്ച് പ്രതിപക്ഷ പാർട്ടികള്‍.
പിഎം കെയേഴ്സിലും അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ‘കോവിഡ് സമയത്ത് ആരംഭിച്ച പദ്ധതിക്കായി കോർപറേറ്റുകളില്‍ നിന്നും 12,700 കോടി ലഭിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള പി എം കെയേഴ്സ് പദ്ധതിയിലും സംശയങ്ങള്‍ ഉയരുകയാണ്. പാവങ്ങളെ സഹായിക്കാനുള്ള ആശ്വാസനിധിയെന്ന പേരില്‍ ആരംഭിച്ച പി.എം കെയേഴ്സ് ഫണ്ടിലേക്ക് വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്. കോവിഡ് സമയത്താണ് പദ്ധതിയുടെ തുടക്കം.
പി എം കെയഴ്സില് ലഭിച്ച തുകയുടെ വിവരങ്ങളോ ആരൊക്കെയാണ് ദാതാക്കള്‍ എന്ന വിവരവും പുറത്ത് വന്നിട്ടില്ല. എന്നാല്‍ 12,700 കോടി രൂപയെങ്കിലും ലഭിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. റിലയൻസ് ഗ്രൂപ് 500 കോടി, അദാനി ഗ്രൂപ് 100 കോടി, പേടി.എം 500 കോടി, ജെ.എസ്.ഡബ്ല്യു 100 കോടി എന്നിങ്ങനെയാണ് കോടികളുടെ കണക്കുകള്‍. ചൈനീസ് കമ്പനികളും പണം നല്‍കിയത് സംശയം ഉണർത്തുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ടിക് ടോക് 30 കോടിയും ഷവോമി 10 കോടിയും വാവെയ് ഏഴുകോടിയും വണ്‍പ്ലസ് ഒരു കോടിയും നല്‍കിയതായാണ് റിപ്പോർട്ടുകള്‍. പൊതുമേഖലയിലെ 38 സ്ഥാപനങ്ങള്‍ ചേർന്ന് 2,105 കോടി രൂപയും പൊതുമേഖല ജീവനക്കാരില്‍നിന്ന് 150 കോടിയും പി.എം കെയേഴ്സിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പി.എം കെയേഴ്സ് സി.എ.ജി പരിശോധനക്കും വിവരാവകാശരേഖക്കും പുറത്താണ് എന്നുള്ളതാണ് ശ്രദ്ധേയം. പൊതുപണം അല്ലാത്തതിനാല്‍ വിവരാവകാശത്തിന് കീഴില്‍ വരില്ലന്നൊണ് കേന്ദ്ര സർക്കാർ വാദം. ഇലക്ടറല്‍ ബോണ്ടിനു സമാനമായ രീതിയിലുള്ള അഴിമതിയാണ് പി എം കെയേഴ്സിലൂടെ ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്നതെന്നാണ് പ്രതിപക്ഷ ആരോപണം