കേരളം :മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനത്തില്‍ തടസ്സം നേരിട്ടെങ്കിലും ഇപ്പോള്‍ പ്രവർത്തനം സുഗമമായി.
ഇന്ന് രാത്രി 8.45നു ശേഷമാണ് അക്കൗണ്ടുകളില്‍ തടസ്സം നേരിട്ടത്. ഒരു മണിക്കൂറോളം തടസ്സം അനുഭവപ്പെട്ടു.
വീണ്ടും ലോഗിൻ ചെയ്യാനാണ് ആവശ്യപ്പെട്ടത്. മൊബൈല്‍ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തില്‍ തടസ്സം നേരിട്ടിരുന്നു. അക്കൗണ്ടില്‍ കയറുമ്പോൾ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേർഡ് തെറ്റാണെന്നു നോട്ടിഫിക്കേഷൻ വരികയും ചെയ്തിരുന്നു.
അതേസമയം, ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് കൊണ്ട് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി റിപ്പോർട്ട്. ഫേസ്ബുക് ഇൻസ്റ്റഗ്രാം തകരാറിന്റെയും കാരണം ഇതാണെന്നാണ് സി എൻ എൻ അടക്കമുള്ള മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്.
നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകള്‍ തകരാറിലായെന്നും, ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നുവെന്നുമുള്ള റിപ്പോർട്ടുകളാണ് സി എൻ എൻ പുറത്തുവിട്ടിരിക്കുന്നത്.