കേരളം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കേരള സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയുമായ പത്മിനി തോമസും മകനും ബിജെപിയിൽ ചേരും. ഇന്ന് അംഗത്വമെടുക്കുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു. കെപിസിസി കായിക വേദിയുടെ അധ്യക്ഷയായി പ്രവർത്തിച്ച പത്മിനി തോമസ് വർഷങ്ങളായി കോൺഗ്രസുമായി ചേർന്നു പ്രവർത്തിച്ചു വരികയായിരുന്നു.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് പത്മിനി തോമസിൻ്റെ കൂറുമാറ്റം സ്ഥിരീകരിക്കുന്നത്.
ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ ചേരുന്നതെന്നാണ് ബിജെപി അവകാശവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് ചർച്ചയാണ്.