Zygo-Ad

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം മൂന്ന് മണിക്ക്.

കേരളം: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനം നടത്തി തിയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണർ രാജ്‌കുമാർ ആയിരിക്കും പ്രഖ്യാപനം നടത്തുക. പുതുതായി ചുമതലയേറ്റ കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിംഗ് സന്ധുവും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചൽ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തിയതികൾ ആയിരിക്കും പ്രഖ്യാപിക്കുക.

അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഔദ്യോഗികമായി നടക്കാനിരിക്കുന്നേ ഉള്ളുവെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

അതേസമയം, ആഭ്യന്തര കലാപം തുടരുന്ന മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന് കശ്‌മീർ സജ്ജമാണെന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ നടത്തിയ സന്ദർശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കശ്‌മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും,കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബിജെപി നേടിയത്.എൻഡിഎ മൊത്തം 353 സീറ്റുകൾ നേടി
ഭരണം നിലനിർത്തി. എന്നാൽ ഇത്തവണ പ്രതിപക്ഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം രൂപീകരിച്ച് ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
ഇതുവരെ 250 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാർഥികളെയാണ് കോൺഗ്രസ്
പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മുഴുവൻ സീറ്റിലേക്കുമുള്ള സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.

അതേസമയം കേരളത്തിൽ ഇത്തവണ മുഴുവൻ സീറ്റും നേടുമെന്ന പ്രത്യാശയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ വൻ തകർച്ച മറികടന്ന് കൂടുതൽ സീറ്റുകൾ നേടാനായി എൽഡിഎഫ് രംഗത്തുണ്ട്. ഇത്തവണയെങ്കിലും കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പെടാപാടിലാണ് ബിജെപി.

വളരെ പുതിയ വളരെ പഴയ