കേരളം :മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക താൽപര്യമുള്ള അപേക്ഷകൾ തേടിപ്പിടിച്ച് വേഗത്തിൽ തീർപ്പാക്കുന്നതിന് തടയിടാൻ അപേക്ഷകൾക്ക് മുൻഗണനാക്രമം നിർബന്ധമാക്കുന്നു. ആദ്യമെത്തിയ അപേക്ഷകൾ പരിഗണിച്ചശേഷമേ അടുത്തതിലേക്ക് നീങ്ങാൻ കഴിയൂ. സോഫ്റ്റ്വേറിൽ മാറ്റംവരുത്താൻ നാഷണൽ ഇൻഫർമാറ്റിക് സെന്ററിന് (എൻ.ഐ.സി.) നിർദേശംനൽകി.
അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഫേസ്ലെസ് സംവിധാനത്തിൽ ഉൾപ്പെടെ ഇടനിലക്കാർ കടന്നുകയറിയ പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിങ് ലൈസൻസിനുള്ള സാരഥി സോഫ്റ്റ്വേറിൽ അപേക്ഷകൾക്ക് മുൻഗണനാക്രമമുണ്ട്. ഇതേ രീതിയിലാണ് വാഹൻ സോഫ്റ്റ്വേറിലും മാറ്റംവരുത്തുന്നത്.
ഓൺലൈൻ സംവിധാനം ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതലെടുക്കുന്നത് തടയാൻ പരിശോധന തുടങ്ങി. ഓൺലൈൻ അപേക്ഷകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് പ്രത്യേകം ജീവനക്കാരില്ലാത്തതാണ് വെല്ലുവിളി. പരാതി ഉയരുന്ന കേസുകളിൽ മാത്രമാണ് അന്വേഷണംനടക്കുന്നത്. ഇടനിലക്കാരുമായി ബന്ധംപുലർത്തുന്ന ഉദ്യോഗസ്ഥർ ഇതാണ് മുതലെടുക്കുന്നത്.സോഫ്റ്റ്വേറിലും അട്ടിമറി
കൈക്കൂലിക്ക് വഴിയൊരുക്കാനുള്ള സൂത്രപ്പണികൾ സോഫ്റ്റ്വേറിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ നൽകാൻ കഴിയുന്ന രേഖകൾപോലും മൂന്ന് തട്ടിലെ (ക്ലാർക്ക്, സൂപ്രണ്ട്, ജോ. ആർ.ടി.ഒ.) പരിശോധനയ്ക്കുശേഷമാണ് വിതരണംചെയ്യന്നത്. എതെങ്കിലുമൊരു ഉദ്യോഗസ്ഥൻ തീരുമാനമെടുക്കാതെ ഫയൽ പിടിച്ചുവെക്കുന്നതോടെ ഇടനിലക്കാർ സമീപിക്കുംം.
പെർമിറ്റ്, സി.എഫ്. എന്നിവയുടെ പകർപ്പുകളും ഫീസ് അടച്ചാലുടൻ വിതരണംചെയ്യുന്നവിധത്തിൽ ക്രമീകരിച്ചാൽ അഴിമതിക്കുള്ള സാധ്യതയും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും. രേഖകൾ പരിശോധിച്ച് വിതരണംചെയ്ത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പിന്നീട് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സോഫ്റ്റ്വേറിൽനിന്ന് നൽകാനാകും. ഇതരസംസ്ഥാനങ്ങളിലെ സ്പെഷ്യൽ പെർമിറ്റുകൾ ഓട്ടോ അപ്രൂവ് രീതിയിലാണ് നൽകുന്നത്. കോമ്പൗണ്ടിങ് ഫീസുകൾകൂടി പൂർണമായും ഓൺലൈനിലേക്ക് മാറ്റിയാൽ അഴിമതിക്കുള്ള സാധ്യത അടയും.