കേരളം :എഡ്ടെക് കമ്പനിയായ ബൈജൂസ് ഇന്ത്യയിലുടനീളമുള്ള എല്ലാ റീജിയണൽ സെയിൽസ് ഓഫീസുകളും അടച്ചുപൂട്ടുന്നു. ബെംഗളൂരുവിലെ നോളജ് പാർക്കിലെ ഐബിസിയിലെ ആസ്ഥാനം മാത്രം നിലനിർത്തി ബാക്കി എല്ലാം പൂട്ടാനാണ് തീരുമനം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കും കേസുകൾക്കും പിന്നാലെയാണ് വിവാദപരമായ മറ്റൊരു നീക്കത്തിന് കമ്പനി മുതിരുന്നത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും മറ്റും ഉള്ള 20- ലധികം റീജിയണൽ ഓഫീസുകൾ ഇതോടെ ഇല്ലാതായേക്കും.
ചീഫ് എക്സിക്യൂട്ടീവ് അർജുൻ മോഹന്റെ കീഴിൽ ഏതാനും മാസങ്ങൾക്കുമുമ്പ് ഓഫീസ് സ്ഥലത്തിൻ്റെ പുനർനിർമ്മാണം ആരംഭിച്ചെങ്കിലും, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും മൂല്യനിർണ്ണയ മാർക്ക്ഡൗണിനുമിടയിൽ ചെലവ് ലാഭിക്കുന്നതിനായി എല്ലാ റീജിയണൽ സെയിൽസ് ഓഫീസുകളും അടച്ചുപൂട്ടാൻ അടുത്തിടെ അന്തിമ തീരുമാനമെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, കമ്പനി തങ്ങളുടെ എല്ലാ ജീവനക്കാരോടും അനിശ്ചിതകാലത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറഞ്ഞു. 15,000 പേരാണ് ഇതോടെ വർക്ക് ഫ്രം ഹോമിലേക്ക് നീങ്ങുന്നത്.
റീജിയണൽ സെയിൽസ് ഓഫീസുകൾ അടച്ചുപൂട്ടുമെങ്കിലും രാജ്യത്തുടനീളമുള്ള 300-ഓളം ബൈജുവിന്റെ ട്യൂഷൻ സെന്ററുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഓഫീസിൽ പോകുന്നത് തുടരും. ബൈജൂസിന് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും റീജിയണൽ സെയിൽസ് ഓഫീസുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി എല്ലായിടത്തും ട്യൂഷൻ സെൻ്ററുകൾ ആരംഭിക്കുന്നത്. എന്നാൽ ഇത് അധിക ബാധ്യത ഉണ്ടാക്കി. ട്യൂഷൻ സെൻന്ററുകളിൽ പ്രധാനമായും വാരാന്ത്യങ്ങളിലോ ആഴ്ചയിൽ കുറച്ച് സമയങ്ങളിലോ മാത്രമാണ് ആളുകൾ ഉണ്ടാവുക. അതിനാൽ ട്യൂഷൻ സെന്ററുകൾ സെയിൽസ് ഓഫീസുകളായും പ്രവർത്തിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിനിടെയാണ് വർക്ക് ഫ്രം ഹോം മോഡിലേക്ക് സെയിൽസ് മാറ്റുന്നത്.
2023 സെപ്തംബറിൽ, പുനഃസംഘടനയുടെ ഭാഗമായി ഏകദേശം 4,000 ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് തീരുമാനിച്ചു. കഴിഞ്ഞ വർഷം ആദ്യം കമ്പനി 1000 ജീവനക്കാരെയും 2022ൽ 2500 ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.