Zygo-Ad

സമൂഹ മാധ്യമങ്ങൾക്ക് പൂട്ടിടാൻ പ്രത്യേക നിരീക്ഷണ സമിതിക്ക് രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം

ഡൽഹി : സമൂഹ മാധ്യമങ്ങൾക്ക് പൂട്ടിടാൻ പ്രത്യേക നിരീക്ഷണ സമിതിക്ക് രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം.സമൂഹ മാധ്യമ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ ഈ സമിതിക്ക് അധികാരം ഉണ്ടാകും. ഇതിനായി ഐ.ടി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും കേന്ദ്രം തീരുമാനിച്ചു.

സമൂഹ മാധ്യമങ്ങൾക്ക് പൂട്ടിടാൻ നീക്കം നിരീക്ഷണ സമിതി രൂപീകരിക്കുന്നു. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ഐ.ടി ചട്ടങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും സമൂഹ മാധ്യമ കമ്പനികളും കോടതികളിൽ ഏറ്റുമുട്ടി. ചില ഹൈക്കോടതികൾ ഐ.ടി ചട്ടങ്ങൾ നടപ്പാക്കുന്നതിനെതിരെ ഉത്തരവിറക്കി.

ഇതോടെ പാളിപ്പോയ നീക്കങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുകയാണ് കേന്ദ്ര സർക്കാർ.സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാൻ സർക്കാർ മേൽനോട്ടത്തിൽ ഒരു സമിതിക്ക് രൂപം നൽകാനാണ് ഇപ്പോഴത്തെ നീക്കം. ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനും നീക്കം ചെയ്തില്ലെങ്കിൽ സമൂഹ മാധ്യമ കമ്പനിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതിക്ക് അധികാരമുണ്ടാകും.

ഇതിനായി 2021ലെ ഐ.ടി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. സമൂഹ മാധ്യമ നിയന്ത്രണത്തിന് 10 നിർദ്ദേശങ്ങളാണ് പുതുതായി കൊണ്ടുവരാൻ പോകുന്നത്. നിസാമുദ്ദീനിലെ തബ്ലിക് ജമാഅത്താണ് രാജ്യത്ത് കൊവിഡ് പരത്തിയത് എന്ന സമൂഹ മാധ്യമ
റിപ്പോർട്ടുകൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ ഇത്തരം വ്യാജ റിപ്പോർട്ടുകൾ നിയന്ത്രിക്കാൻ കേന്ദ്രത്തിന് പദ്ധതിയില്ലേ എന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചിരുന്നു. സുപ്രീംകോടതി പരാമർശത്തിന്റെ കൂടി ചുവടുപിടിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾക്ക് വിലങ്ങിടാൻ കേന്ദ്രത്തിൻറെ പുതിയ നീക്കം.

അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കി മാത്രമാകും നിയന്ത്രണങ്ങളെന്ന് കേന്ദ്രം സർക്കാർ ആവർത്തിക്കുമ്പോഴും സമൂഹ മാധ്യമങ്ങളിലെ എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനുള്ള നീക്കമെന്ന വിമർശനമാണ് ഉയരുന്നത്. അതിനാൽ ഐ.ടി ചട്ടങ്ങളിലെ നിയമതർക്കങ്ങൾ തുടരാൻ തന്നെയാണ് സാധ്യത.

വളരെ പുതിയ വളരെ പഴയ