തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആണവ വൈദ്യുതി നിലയങ്ങളുടെ സാധ്യത പരിശോധിക്കാൻ സർക്കാർ നീക്കം. ചെറിയ മോഡുലാർ റിയാക്ടറുകൾ (Small Modular Reactors) സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. 15-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയിലാണ് ആണവ നിലയങ്ങളുടെ സാധ്യത തേടുന്നതിനെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
തടസ്സമില്ലാതെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
റിയാക്ടറുകൾ എവിടെയൊക്കെ സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. ആണവ പദ്ധതിയായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതി കൂടി ആവശ്യമായ വിഷയമാണ്. കേന്ദ്രാനുമതി കൂടി ലഭിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.
