Zygo-Ad

സംസ്ഥാന വനിതാ കമ്മീഷനിൽ വിജിലൻസ് പരിശോധന: വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി


തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനിൽ വ്യാപക സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. കമ്മീഷൻ ആസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പും സാമ്പത്തിക ധൂർത്തും പുറത്തുവന്നത്.

2022 മുതൽ 2025 വരെയുള്ള കാലയളവിൽ കമ്മീഷൻ സംഘടിപ്പിച്ച അദാലത്തുകൾ, ബോധവൽക്കരണ ക്ലാസുകൾ, മറ്റ് ഔദ്യോഗിക പരിപാടികൾ എന്നിവയുടെ രേഖകളും ബില്ലുകളും വിജിലൻസ് വിശദമായി പരിശോധിച്ചിരുന്നു. സിറ്റിംഗുകൾ നടത്തിയതിലും വ്യാജ യാത്രകളുടെ പേരിലും അധിക തുക എഴുതിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. 5,000 രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ചെറിയ പരിപാടികൾക്ക് പോലും 30,000 രൂപയിലധികം ബില്ലുകൾ മാറിയെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി. സതീദേവി അധ്യക്ഷയായിരുന്നപ്പോഴാണ് ഈ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുള്ളത്. പരിശോധിച്ച പല ബില്ലുകളിലും വൈരുദ്ധ്യങ്ങളുണ്ടെന്നും കൂടുതൽ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും വിജിലൻസ് അറിയിച്ചു. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വിജിലൻസിന്റെ തീരുമാനം.



വളരെ പുതിയ വളരെ പഴയ