ആധാര്‍ കാര്‍ഡിലെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഐഡിഎഐ. പേര് മാറ്റത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്ത വ്യവസ്ഥകളും രേഖകളുമാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. പുതിയ മാര്‍ഗനിര്‍ദേശം സെപ്റ്റംബർ 18-ന് പ്രാബല്യത്തില്‍ വന്നു.
2021ലെ പഴയ രീതിയ്ക്ക് പകരമാണ് പുതിയ മാര്‍ഗനിര്‍ദേശം നിലവിൽ വന്നിട്ടുള്ളത്. ചെറിയ അക്ഷരത്തെറ്റുകള്‍, ഡാറ്റ എന്‍ട്രി പിശകുകൾ, വിവാഹശേഷമോ വിവാഹമോചനത്തിന് ശേഷമോ വീട്ടുപേരിലോ ഇനിഷ്യലിലോ ഉള്ള മാറ്റങ്ങൾ, പ്രാദേശിക ഭാഷാ തിരുത്തലുകൾ, വലിയ രീതിയിലുള്ള പേര് മാറ്റങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. ദുരുപയോഗവും വ്യാജ തിരിച്ചറിയല്‍ രേഖകൾ ഉണ്ടാക്കുന്നതും തടയുന്നതിനായി അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകൾ, സത്യവാങ്മൂലങ്ങൾ, ഗസ്റ്റ് വിജ്ഞാപനങ്ങൾ എന്നിവ കര്‍ശനമായി പരിശോധിക്കുമെന്ന് യുഐഡിഎഐ വ്യക്തമാക്കി.
പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ആധാറില്‍ ചേര്‍ക്കുന്ന പേരുകള്‍ വലിയ അക്ഷരത്തിലായിരിക്കണം. പദവികളോ, അപരനാമങ്ങളോ, ഔദ്യോഗിക പദവികളോ, പ്രത്യേക ചിഹ്നങ്ങളോ ഉപയോഗിക്കാൻ പാടില്ല. അപേക്ഷകൻ നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലുള്ള പേര് അതേപടി തന്നെ ആധാറിലും ചേര്‍ക്കപ്പെടും.
ചെറിയ പേര് മാറ്റങ്ങൾക്ക് ഇനിഷ്യലുകൾ വികസിപ്പിക്കുക, മിഡില്‍ നെയിമോ ലാസ്റ്റ് നെയിമോ ഉള്‍പ്പെടുത്തുക തുടങ്ങിയവയ്ക്ക് തിരിച്ചറിയല്‍ രേഖയോ 18 വയസിന് താഴെയുള്ള കുട്ടികളാണെങ്കില്‍ ബന്ധം തെളിയിക്കുന്ന രേഖയോ സമര്‍പ്പിച്ചാല്‍ മതിയാകും. ചെറിയ അക്ഷരത്തെറ്റുകളും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാല്‍ മാറ്റിക്കിട്ടും.
വിവാഹ ശേഷമോ വിവാഹമോചന ശേഷമോ ഉള്ള പേര് മാറ്റങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതാണ്. വലിയ പേര് മാറ്റങ്ങള്‍ക്ക് ഗസ്റ്റ് വിജ്ഞാപനം നിര്‍ബന്ധമാണ്. ഇതുകൂടാതെ സാധാരണ തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കണം. അപേക്ഷകന്റെ പഴയ പേരുകൾ പരിശോധിക്കുകയും സമര്‍പ്പിച്ച ഗസ്റ്റ് വിജ്ഞാപനവും സത്യവാങ്മൂലങ്ങളും വ്യാജമല്ലെന്ന് യുഐഡിഎഐ ഉറപ്പുവരുത്തുകയും ചെയ്യും. നിലവിലെ ചട്ടപ്രകാരം ഒരു വ്യക്തിക്ക് തന്റെ ആധാറില്‍ രണ്ടു തവണ മാത്രമേ പേര് മാറ്റാന്‍ സാധിക്കുകയുള്ളൂ. പേര് മാറ്റത്തിനായി അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രത്തിലോ ആധാര്‍ എന്‍റോള്‍മെന്റ് സെന്ററിലോ ആണ് പോകേണ്ടത്.
