തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിൽ കൂടുതൽ യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പുതിയ പുഷ്ബാക്ക് സീറ്റുകൾ നിലവിൽ വന്നു. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിലാണ് മാറ്റിയ കോച്ചുകൾ ആദ്യമായി ഉൾപ്പെടുത്തി സർവീസ് ആരംഭിച്ചത്.
എൽ.എച്ച്.ബി. നോൺ-എസി ചെയർ കാറോട് കൂടിയ പുതിയ കോച്ചുകളുമായുള്ള സർവീസ് ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഔദ്യോഗികമായി അറിയിച്ചു. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലെ സീറ്റുകളിൽ രണ്ടാം ഘട്ടത്തിലായിരിക്കും മാറ്റങ്ങൾ വരുത്തുക. യാത്രക്കാരുടെ സൗകര്യാർത്ഥം പുഷ്ബാക്ക് സീറ്റുകളോട് കൂടിയ 16 പുതിയ കോച്ചുകൾ കഴിഞ്ഞ ദിവസം കൊച്ചുവേളിയിൽ എത്തിച്ചിരുന്നു. അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ഇവ സർവീസിനായി ഉൾപ്പെടുത്തിയത്.
കൂടാതെ, തിരുവനന്തപുരം - ഷൊർണൂർ വേണാട് എക്സ്പ്രസിലും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ജനറൽ സിറ്റിങ് കോച്ചുകൾ കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടമായി പത്ത് പഴയ കോച്ചുകൾ മാറ്റിയാണ് പുതിയവ സ്ഥാപിച്ചത്. ഘട്ടം ഘട്ടമായി ബാക്കി ജനറൽ കോച്ചുകളും പുതിയവ6 മാറ്റി സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
