കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനമാകും. ഗെയിംസിലും അക്വാട്ടിക്സിലും കാട്ടിയ ആധിപത്യത്തോടെ 2000 പോയിന്റ് പിന്നിട്ട തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. എന്നാൽ അത്ലറ്റിക്സ് കിരീടത്തിനായി മലപ്പുറവും പാലക്കാടും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
അവസാന ദിനം 15 ഫൈനലുകൾ ശേഷിക്കെ, 81 മത്സരങ്ങൾ പൂർത്തിയായപ്പോൾ 168 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ് അത്ലറ്റിക്സിൽ മുന്നിൽ നിൽക്കുന്നത്. 128 പോയിന്റോടെ പാലക്കാട് തൊട്ടുപിന്നിലുണ്ട്. ഗെയിംസ് വിഭാഗത്തിൽ 1310 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻപട്ടം നിലനിർത്തിയപ്പോൾ, സ്കൂളുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസ്. ഒന്നാമതെത്തി.
