തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ, വിദേശ സർവ്വകലാശാലകൾ യാഥാർത്ഥ്യമാക്കുന്നതിനായി പുതിയ ബിൽ നിയമസഭയിൽ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. നിലവിലുള്ള എൽ.ഡി.എഫ്. സർക്കാരിന്റെ സ്വകാര്യ സർവ്വകലാശാല ബില്ലിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിനാണ് പുതിയ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.
ഈ നിയമസഭാ കാലയളവിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ ബിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ബില്ലിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം, നിലവിലെ ബിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പിൻവലിച്ച ശേഷമായിരിക്കും പുതിയ ബിൽ സഭയുടെ പരിഗണനയ്ക്ക് വെക്കുക.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'കേരള നോളജ് വാലി പ്രൊജക്റ്റ്' സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾക്ക് ഇത് വഴിവെക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മറ്റു എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും, സ്വകാര്യ സർവ്വകലാശാലകൾക്ക് പുറമേ വിദേശ സർവ്വകലാശാലകളും കേരളത്തിൽ ആരംഭിക്കേണ്ടത് വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകാൻ അനിവാര്യമാണെന്നതാണ് യു.ഡി.എഫ്. നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Abill
