മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നെഞ്ചിലേറ്റ പരിക്കുകളുടെ ഗുരുതാവസ്ഥ പരിശോധിക്കുന്നതിനായി അദ്ദേഹത്തെ വിദഗ്ധ എക്സ്-റേ, സ്കാനിംഗ് പരിശോധനകൾക്ക് വിധേയനാക്കി. കസ്റ്റഡിയിലെടുത്ത ശേഷം നാല് പൊലീസുകാർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. വാഹനത്തിന്റെ സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമർത്തിപ്പിടിച്ചായിരുന്നു മർദ്ദനം. എംപിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടും പൊലീസുകാർ അതിക്രമം തുടരുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മർദ്ദനമേറ്റതിനെ തുടർന്ന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജോൺ ബ്രിട്ടാസ് സ്വയം ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. സംഭവമറിഞ്ഞ് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം. എ. ബേബി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയും ആരോഗ്യവിവരങ്ങൾ ആരായുകയും ചെയ്തു.
