കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന പോലീസ് പൂർത്തിയാക്കി. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പോലീസ് പിടിച്ചെടുത്തു.
മോട്ടോർ വെഹിക്കിൾ ആക്ട് 199A പ്രകാരമാണ് കുട്ടിയുടെ പിതാവായ ജഡ്ജിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും.
വാഹനം അതിവേഗതയിൽ ഓടിക്കുന്നതിന്റെ റീൽസ് ചിത്രീകരിക്കാനാണ് ഞായറാഴ്ച പുലർച്ചെ വിദ്യാർത്ഥി ബെൻസ് കാറുമായി ഇറങ്ങിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. അപകടത്തിന് തൊട്ടുമുമ്പ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
