തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി. ഒക്ടോബർ 30-ന് രാവിലെ 5 മണി മുതൽ 8 മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
സംസ്ഥാനത്തൊട്ടാകെ 4,504 സ്കൂൾ ബസുകളാണ് പരിശോധിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് (അഞ്ച് വീതം). കോട്ടയത്ത് മൂന്നും, കണ്ണൂരിൽ രണ്ടും കേസുകൾ എടുത്തു. കൂടാതെ തിരുവനന്തപുരം സിറ്റി, റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും കണ്ടെത്തി.
മദ്യപിച്ച് വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും ഇത്തരം പരിശോധനകൾ വരുന്ന ദിവസങ്ങളിലും കർശനമായി തുടരുമെന്നും ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ അറിയിച്ചു.
