Zygo-Ad

ഇഎംഐ മുടങ്ങിയാൽ സ്മാർട്ട് ഫോൺ ലോക്ക് ആകുമോ? റിസർവ് ബാങ്കിന്റെ പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്ത്


 ന്യൂഡൽഹി: സ്മാർട്ട് ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും വായ്പ അടിസ്ഥാനത്തിൽ (ഇഎംഐ) വാങ്ങിയ ശേഷം തിരിച്ചടവ് മുടങ്ങിയാൽ, അവ റിമോട്ടായി ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ബാങ്കുകൾക്കും വായ്പാ സ്ഥാപനങ്ങൾക്കും ഇത്തരം ഉപകരണങ്ങളിൽ ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങൾ, അത്യാവശ്യ സേവനങ്ങളുടെ ലഭ്യത, നഷ്ടപരിഹാരം എന്നിവയിലാണ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2027 ജനുവരി 1 മുതലാണ് ഈ നിർദേശങ്ങൾ നിലവിൽ വരിക.

ഡിവൈസുകൾ ലോക്ക് ചെയ്യുന്നതിലെ നിബന്ധനകൾ:

വായ്പയിലൂടെ വാങ്ങിയ ഉപകരണം മാത്രമേ വായ്പാ ദാതാവിന് ലോക്ക് ചെയ്യാൻ സാധിക്കൂ. ഇഎംഐ മുടങ്ങിയ ഉടൻ തന്നെ ഫോൺ റിമോട്ടായി നിയന്ത്രിക്കാൻ കഴിയില്ല. കുറഞ്ഞത് 30 ദിവസമെങ്കിലും കുടിശ്ശികയായാൽ മാത്രമേ ഇത്തരം നടപടികളിലേക്ക് കടക്കാൻ സാധിക്കൂ.

ഒറ്റയടിക്ക് പ്രവർത്തനം പൂർണ്ണമായി തടയാൻ പാടില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവൂ. വായ്പ തിരിച്ചടവ് 60 ദിവസത്തോളം മുടങ്ങിയാൽ മാത്രമേ ഉപകരണത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ അനുമതിയുള്ളൂ.

അവശ്യ സേവനങ്ങൾ തടയരുത്:

ഫോൺ ലോക്ക് ചെയ്താലും ചില അവശ്യ സേവനങ്ങൾ തടയാൻ പാടില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇൻകമിങ് ഫോൺ കോളുകൾ, എസ്എംഎസ്, എസ്ഒഎസ് അടിയന്തര സേവനങ്ങൾ, ഉപയോക്താവിന്റെ ഉപജീവനത്തിന് ആവശ്യമായ പ്രധാന ഫീച്ചറുകൾ എന്നിവ ലഭ്യമാക്കണം.

കൂടാതെ, കോൺടാക്റ്റ് ലിസ്റ്റ്, ഫോട്ടോകൾ, വീഡിയോകൾ, കോൾ ലോഗുകൾ, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ വായ്പാ ദാതാക്കൾക്ക് ലഭ്യമാകാൻ പാടില്ല. സേവനങ്ങളിൽ നിയന്ത്രണം വരുത്തുന്നതിന് മുൻപ് ഉപയോക്താവിനെ വിവരമറിയിക്കുകയും വായ്പ എടുക്കുന്ന സമയത്ത് തന്നെ ഇത്തരം സാധ്യതകളെക്കുറിച്ച് വ്യക്തമാക്കുകയും വേണം.

വൈകിയാൽ നഷ്ടപരിഹാരം:

കുടിശ്ശിക തുക പൂർണ്ണമായി അടച്ചുതീർത്താൽ ഒരു മണിക്കൂറിനുള്ളിൽ ഡിവൈസ് അൺലോക്ക് ചെയ്തു നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം വായ്പാ ദാതാവ് ഉപയോക്താവിന് നഷ്ടപരിഹാരം നൽകേണ്ടിവരും.

വളരെ പുതിയ വളരെ പഴയ