തിരുവനന്തപുരം: മലയാളി മനസ്സുകളിൽ പൂവിളിയുടെ വസന്തമൊരുക്കി വീണ്ടുമൊരു ഓണക്കാലത്തിന് തുടക്കമായി. പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം. അത്തം പിറന്നതോടെ നാടും നഗരവും ഇനി ഉത്രാടപ്പാച്ചിലിന്റെയും തിരുവോണാഘോഷങ്ങളുടെയും തിരക്കുകളിലേക്ക് അമരും.
വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളങ്ങളൊരുക്കിയാണ് മലയാളി അത്തത്തെ വരവേൽക്കുന്നത്. പൂവിപണികളും ഓണച്ചന്തകളും സജീവമായതോടെ മലയാളികൾ പൂർണ്ണമായും ആഘോഷലഹരിയിലാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ഓണാഘോഷത്തോടനുബന്ധിച്ച് അരങ്ങേറും.
