ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബിടതിക്ക് സമീപം വെച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡിലേക്ക് തലകീഴായി മറിയുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗതതടസ്സമുണ്ടായി. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
