Zygo-Ad

സ്കൂളുകളിലെ കെ ഫോൺ കണക്ഷൻ ബിൽ ഇനി മുതൽ സ്കൂളുകൾ സ്വയം അടയ്ക്കണമെന്ന് സർക്കാർ

 


സംസ്ഥാനത്തെ സ്കൂളുകളിലെ കെ ഫോൺ സംവിധാനത്തെ സർക്കാർ കയ്യൊഴിയുന്നു. ഇനി മുതൽ കെ ഫോൺ കണക്ഷന്റെ ബിൽ സ്കൂളുകൾ സ്വയം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപവിദ്യാഭ്യാസ ഡയറക്ടർമാർക്ക് കത്തയച്ചു. കണക്ഷൻ കാലാവധി പുതുക്കേണ്ട സമയമായപ്പോഴാണ് ഈ പുതിയ അറിയിപ്പ് വന്നിരിക്കുന്നത്. തുടർന്നും ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുണ്ടോയെന്ന് സ്കൂളുകൾ സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. കണക്ഷൻ നിലനിർത്താൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ബിൽ തുക സ്വയം കണ്ടെത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ ആറായിരത്തിലധികം സ്കൂളുകളിൽ കെ ഫോൺ കണക്ഷൻ ഉണ്ട്. ഈ കണക്ഷനുകൾ സൗജന്യമല്ലെങ്കിലും സ്കൂളുകൾ ഇതുവരെ ഇതിന്റെ ബില്ല് അടച്ചിരുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിനെ യുഡിഎഫ് സർക്കാർ തങ്ങളുടെ ബജറ്റിൽ തഴഞ്ഞിരുന്നു. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമുണ്ടായിരുന്നില്ല.

സംസ്ഥാനത്ത് ഇതുവരെ 147485 കെ ഫോൺ കണക്ഷനുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 116360 കണക്ഷനുകളും സാധാരണക്കാരായ ഉപഭോക്താക്കൾക്കും ബിപിഎൽ കുടുംബങ്ങൾക്കുമാണ് നൽകിയിട്ടുള്ളത്. കണക്ഷനുകളുടെ എണ്ണത്തിൽ 31352 കണക്ഷനുകളുമായി മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്. 13000 കണക്ഷനുകളുമായി കോട്ടയവും 12792 കണക്ഷനുകളുമായി കോഴിക്കോടും 11879 കണക്ഷനുകളുമായി എറണാകുളവുമാണ് തൊട്ടുപിന്നിലുള്ളത്. കൂടാതെ 30897 സർക്കാർ ഓഫീസുകളിലും കെ ഫോൺ കണക്ഷൻ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ