തിരുവനന്തപുരം: ഓഫീസുകളിലെ കമ്പ്യൂട്ടറുകളുടെ അപര്യാപ്തത മൂലം ലേണേഴ്‌സ് ലൈസൻസ് പരീക്ഷകൾ വൈകുന്നത് പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനം നടപ്പാക്കുന്നു. ഇനി മുതൽ എംവിഡി പരീക്ഷാ ഹാളുകളിൽ എത്തുന്ന അപേക്ഷകർക്ക് സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് ലേണേഴ്‌സ് ടെസ്റ്റിൽ പങ്കെടുക്കാൻ അനുമതി നൽകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പരീക്ഷ നടക്കുക. പരീക്ഷാ നടപടികൾ കൂടുതൽ വേഗത്തിലാക്കുകയും കാത്തിരിപ്പ് ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എംവിഡി ലീഡ്സ് (MVD Leads) മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പരീക്ഷ നടത്തേണ്ടത്. പരീക്ഷ എഴുതുന്ന വ്യക്തിയെ കൃത്യമായി തിരിച്ചറിയുന്നതിനായി ആപ്പിൽ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും ഇടവേളകളിലും മുഖം തിരിച്ചറിയൽ പരിശോധന നടത്തുന്നതിലൂടെ ആൾമാറാട്ടം പൂർണ്ണമായും തടയാൻ സാധിക്കും.
പരീക്ഷയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തടസ്സങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ ഉടൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ വിവരമറിയിക്കണമെന്ന നിർദേശവും ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനും സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനും പുതിയ നീക്കം സഹായകരമാകും.
