Zygo-Ad

വിശപ്പിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല:ഭക്ഷണ വിതരണം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാർഹം; 'ഹൃദയപൂർവ്വം' തുടരുമെന്ന് ഡിവൈഎഫ്ഐ

 


​തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ടെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. ആശുപത്രികളിലെ ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

​ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന 'ഹൃദയപൂർവ്വം' പദ്ധതി വെറുമൊരു പൊതിച്ചോർ വിതരണം മാത്രമല്ലെന്നും, മനുഷ്യർക്കിടയിൽ വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്ന വർത്തമാന കാലത്ത് അപരനോടുള്ള കരുതലും ശ്രീനാരായണഗുരു ഉയർത്തിയ 'സോദരത്വേന' എന്ന ആശയത്തിന്റെ പ്രയോഗവൽക്കരണവുമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

​ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അത്തരം ഔദ്യോഗിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെ എതിർക്കുന്ന നിലപാട് ഡിവൈഎഫ്ഐക്കില്ല. എന്നാൽ, സർക്കാർ സംവിധാനം യാഥാർത്ഥ്യമാകുന്നതിന് മുൻപ് തന്നെ, നിലവിലുള്ള ജനകീയമായ ഭക്ഷണ വിതരണ സംവിധാനത്തെ അവസാനിപ്പിക്കാൻ തിടുക്കം കാണിക്കുന്നത് സ്വാഭാവികമായും സംശയങ്ങൾ ഉയർത്തുന്നതാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

​രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സർക്കാർ സംവിധാനം വഴി തുടർച്ചയായും വിശ്വസനീയമായും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാകുന്നതുവരെ ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവ്വം' പ്രവർത്തനം ആശുപത്രികളിൽ തുടരുക തന്നെ ചെയ്യും. വിശപ്പുള്ള മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കുന്ന ഏത് തീരുമാനത്തെയും ജനങ്ങൾ തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

​ 

വളരെ പുതിയ വളരെ പഴയ