കൊച്ചി: സംസ്ഥാനത്ത് സിഎൻജി (CNG) വില വീണ്ടും വർദ്ധിച്ചു. കിലോയ്ക്ക് 1.50 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. പുതിയ നിരക്ക് വർദ്ധനവോടെ കേരളത്തിലെ പല ജില്ലകളിലും സിഎൻജി വില കിലോയ്ക്ക് 101 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് മുൻപും സിഎൻജി വിലയിൽ അടിക്കടി വർദ്ധനവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ നിന്ന് ആശ്വാസം തേടിയും കുറഞ്ഞ ചെലവ് പ്രതീക്ഷിച്ചും സിഎൻജി വാഹനങ്ങളിലേക്ക് മാറിയ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വാഹന ഉടമകൾക്കും ഓട്ടോ-ടാക്സി ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഡ്രൈവർമാർക്കും ഈ പുതിയ വിലക്കയറ്റം വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
ജൂലൈ 20ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ഇന്ധനവിലയിൽ കുറവുണ്ടാകുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സിഎൻജി കാര്യത്തിൽ വിലക്കയറ്റമാണ് ഉണ്ടായത്. പശ്ചിമേഷ്യൻ സംഘർഷ സമയത്ത് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളിൽ ഉയർന്നപ്പോൾ രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടിയിരുന്നു. എന്നാൽ പിന്നീട് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിട്ടും ആനുപാതികമായ കുറവ് ആഭ്യന്തര വിപണിയിൽ വരുത്താതിരുന്നതിനെതിരെ നിലവിൽ പൊതുജനങ്ങളിൽ നിന്നും വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.
