Zygo-Ad

ഫിഫ ലോകകപ്പ്: കേപ്പ് വെര്‍ദെയെ വീഴ്ത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

 


അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാബോ വെര്‍ദെയെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. ലോക ചാമ്പ്യന്മാരെ അക്ഷരാര്‍ഥത്തില്‍ വിറപ്പിക്കുന്ന പ്രകടനമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്.

കളിയുടെ 29-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. എന്നാൽ 59-ാം മിനിറ്റില്‍ ഡെറോയ് ഡ്യുവേര്‍ട്ട് ഗോള്‍ മടക്കിയതോടെ കളി ആവേശത്തിലായി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം എക്ട്രാ ടൈമിലേക്ക് കടന്നത്. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അർജന്റീനയ്ക്കായി വീണ്ടും ഗോൾ നേടിയെങ്കിലും 103-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാലിലൂടെ കാബോ വെര്‍ദെ വീണ്ടും ഒപ്പമെത്തി. ഒടുവില്‍ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് നാടകീയ വിജയം സമ്മാനിച്ചത്.

അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തുമാണ് ലോകചാംപ്യന്മാര്‍ക്കെതിരെ കാബോ വെര്‍ദെ കാഴ്ചവെച്ചത്. നിശ്ചിത സമയത്ത് അര്‍ജന്റീന നടത്തിയ 14 ഗോള്‍ ശ്രമങ്ങളാണ് കാബോ വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയും പ്രതിരോധനിരയും ചേർന്ന് നിഷ്ഫലമാക്കിയത്.

മത്സരത്തിൽ പിറന്ന മെസിയുടെ ഗോൾ ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ ഏഴാം ഗോളാണ്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ കിലിയന്‍ എംബപെയെ മറികടന്ന് മെസി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ആകെ ഗോൾ നേട്ടം ഇതോടെ 20 ആയി ഉയർന്നു. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കേപ്പ് വെര്‍ദെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് നോക്കൗട്ട് ഘട്ടത്തില്‍ എത്തിയത്. അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ അവസാന നിമിഷത്തെ ചില നിര്‍ണയക സേവുകളും ടീമിന്റെ വിജയത്തിൽ നിർണായകമായി.



വളരെ പുതിയ വളരെ പഴയ