തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സ്പെഷ്യൽ ഗ്രേഡ് ഗണത്തിൽ പരിഗണിച്ചിരുന്ന മഹാരാജാസ് കോളേജ് എറണാകുളം, ബ്രണ്ണൻ കോളേജ് തലശ്ശേരി, വിക്ടോറിയ കോളേജ് പാലക്കാട്, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, പട്ടാമ്പി സംസ്കൃത കോളേജ്, ചിറ്റൂർ കോളേജ്, വിമൻസ് കോളേജ് തിരുവനന്തപുരം തുടങ്ങിയ സർക്കാർ കോളേജുകളിലേക്ക് നിലവിലുള്ള പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റി നിയമിക്കാനുള്ള (ട്രാൻസ്ഫർ) സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (GCTO) സ്വാഗതം ചെയ്തു.
രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഇത്തരം കലാലയങ്ങളിൽ സ്ഥിര പ്രിൻസിപ്പാൾമാരുടെ സേവനം ഉറപ്പാക്കണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ദീർഘ നാളുകളായുള്ള ആവശ്യമായിരുന്നു. പുതിയ സർക്കാരിന്റെ തുടക്കത്തിൽ തന്നെ യാഥാർഥ്യമാക്കിയ സംസ്ഥാന സർക്കാരിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോണിനും ജി.സി.ടി.ഒ നന്ദി രേഖപ്പെടുത്തി.
ദീർഘ നാളുകളായി ഈ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പാൾമാർ ഇല്ലായിരുന്നു. മുൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത്, ഏറെ കാത്തിരിപ്പുകൾക്ക് ശേഷം 2023 ൽ പ്രിൻസിപ്പാൾ നിയമനം നടത്തുകയും, പിന്നീട് നിയമനവുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടാവുകയും, കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയ ലിസ്റ്റ് റദ്ദു ചെയ്യുകയുണ്ടായി. 2025 ൽ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ച നടത്തി വീണ്ടും നിയമനം നടത്തി.
പിന്നീട് ആ ലിസ്റ്റും അസാധുവാണെന്ന് കോടതി ഉത്തരവിടുകയും പുതിയ ലിസ്റ്റ് 2026 മാർച്ചിൽ നിലവിൽ വരുകയുമായിരുന്നു. ഇങ്ങനെ നിയമനങ്ങൾ നടത്തിയപ്പോഴും കൂടുതൽ കുട്ടികൾ പഠിക്കുന്ന പല പ്രമുഖ കോളേജുകളിലേക്കും പ്രിൻസിപ്പാൾമാരെ നിയമിച്ചിരുന്നില്ല. പ്രൊമോഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമായി പറഞ്ഞിരുന്നത്.
1994-ൽ തയ്യാറാക്കിയ സ്പെഷ്യൽ റൂൾസ് പ്രകാരം ചില കോളേജുകളെ 'സ്പെഷ്യൽ ഗ്രേഡ് കോളേജുകൾ' ആയി ഉയർത്തിയിരുന്നു. മറ്റ് കോളേജുകളിലെ സീനിയർ പ്രിൻസിപ്പാൾമാരെ അവരുടെ പ്രൊബേഷൻ കാലയളവിന് ശേഷമാണ് സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലേക്ക് മാറ്റിയിരുന്നത്.
കൂടാതെ, ഡെപ്യൂട്ടി ഡയറക്ടർമാരായി നിയമനം നൽകിയിരുന്നതും ഇതേ സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലെ പ്രിൻസിപ്പാൾമാരിൽ നിന്നും ആയിരുന്നു . ഈ സാങ്കേതികത്വങ്ങൾ കാരണം വലിയ കോളേജുകളിൽ പലപ്പോഴും പ്രിൻസിപ്പൽ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്.
എന്നാൽ, ഏഴാം യു.ജി.സി (UGC) റെഗുലേഷൻ പ്രകാരം 'സ്പെഷ്യൽ ഗ്രേഡ് കോളേജ്' എന്നൊരു വിഭാഗമില്ല. മുൻ സർക്കാർ പരിഗണിച്ചിരുന്നില്ല.
പുതിയ സർക്കാർ അധികാരമേറ്റ ഉടനെ ഇവ പരിശോധിക്കുകയും ഈ വസ്തുത കണക്കിലെടുത്ത്, സ്പെഷ്യൽ ഗ്രേഡ് വിഭജനം ഒഴിവാക്കി എല്ലാ കോളേജുകളെയും ഒരേ തലത്തിൽ കാണാൻ തീരുമാനിച്ചതുമാണ് ഗവൺമെന്റ് കോളേജുകളിൽ ഭൂരി ഭാഗം കുട്ടികളും പഠിക്കുന്ന ഇത്തരം കോളേജുകളിലേക്കുള്ള ഈ സുപ്രധാന ട്രാൻസ്ഫർ നിയമനങ്ങൾക്ക് വഴിയൊരുക്കിയത്.
കൂടാതെ,അക്കാദമിക മികവിനൊപ്പം ഭരണപരമായ മികവും സ്ഥാപനങ്ങളുടെ ഗുണനിലവാര വർദ്ധന യ്ക്ക് അനിവാര്യമാണ്എന്ന സത്യം തിരിച്ചറിഞ്ഞാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനത്തിലേക്ക് എത്തിയത്.
സർക്കാരിന്റെ ഈ ചരിത്രപരമായ തീരുമാനം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്താൻ വലിയ രീതിയിൽ സഹായകമാകുമെന്ന് ജി.സി.ടി.ഒ പ്രസിഡന്റ് ഡോ. ഗ്ലാഡ്‌സ്റ്റൺ രാജ്, ജനറൽ സെക്രട്ടറി ഡോ. ഷിനിൽ ജെയിംസ്, ട്രഷറർ ഡോ. രാജേഷ് എന്നിവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.