തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. പുത്തൻ ഉടുപ്പും ബാഗും കുടയുമായി വിദ്യാലയങ്ങളുടെ പടികയറാൻ ലക്ഷക്കണക്കിന് കുരുന്നുകളാണ് കാത്തിരിക്കുന്നത്.
കുട്ടികളുടെ കണ്ണുകള്‍ ഈറനണിയാതിരിക്കാൻ വിപുലമായ ഒരുക്കങ്ങളോടെ 'കളറാക്കാൻ' തന്നെയാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം. 'പാഠം 1: പുതുയുഗ വിദ്യാലയം' എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അധ്യയന വർഷം ആരംഭിക്കുന്നത്.
സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍, ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
സംസ്ഥാനതല ചടങ്ങിന് പുറമേ, എല്ലാ വിദ്യാലയങ്ങളിലും ജില്ലാ-ബ്ലോക്ക് തലങ്ങളിലും വിപുലമായ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവ ദിനത്തില്‍ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലും.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം മൂന്ന് ലക്ഷത്തോളം പുതിയ കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടുന്നത്. ആകെ 31 ലക്ഷത്തിനും 44 ലക്ഷത്തിനും ഇടയില്‍ വിദ്യാർഥികള്‍ ഈ അധ്യയന വർഷം വിദ്യാലയങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഠന സമയം: പുതിയ കലണ്ടർ തയ്യാർ
പഠന സമയം കൃത്യമായി ഉറപ്പാക്കുന്നതിനായി ഇത്തവണയും വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പഠന സമയ ക്രമീകരണം തന്നെയാണ് ഈ അധ്യയന വർഷവും തുടരുക.
എല്‍.പി സ്കൂളുകള്‍: 800 മണിക്കൂർ അധ്യയന സമയം. എല്‍.പി ക്ലാസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ല.
യു.പി സ്കൂളുകള്‍: 1000 മണിക്കൂർ അധ്യയന സമയം. മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.
ഹൈസ്ക്കൂളുകള്‍: 1200 മണിക്കൂർ അധ്യയന സമയം. ഏഴ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.
കുരുന്നുകളെ വരവേല്‍ക്കാൻ പാട്ടുകളും മിഠായികളും കളിചിരികളുമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം തന്നെ ഇപ്പോള്‍ പൂർണ്ണ സജ്ജമാണ്.
