Zygo-Ad

ലമീൻ യമാൽ തിളങ്ങി; സൗദി അറേബ്യയെ തകർത്തുവിട്ട് സ്പെയിൻ കരുത്ത് കാട്ടി

 


ഫിഫ ലോകകപ്പിലെ രണ്ടാം പോരാട്ടത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ സ്പെയിൻ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തി. ആദ്യ മത്സരത്തിൽ കാബോ വെർദെയോട് സമനില വഴങ്ങി പരുങ്ങിയ സ്പാനിഷ് പട, ഇത്തവണ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് ഉയരുന്ന കാഴ്ചയാണ് അറ്റ്ലാന്റയിൽ കണ്ടത്.

ആദ്യ ഇലവനിൽ ലമീൻ യമാലിനെ ഉൾപ്പെടുത്തിയ പരിശീലകന്റെ തീരുമാനം തുടക്കം മുതൽ തന്നെ മത്സരത്തിൽ പ്രതിഫലിച്ചു. കളി തുടങ്ങി പത്താം മിനിറ്റിൽ തന്നെ ഒയർസബാലിന്റെ പാസിൽ നിന്നും ഗോൾ നേടി യമാൽ സ്പെയിനിനെ മുന്നിലെത്തിച്ചു. ലോകകപ്പിൽ ഈ യുവതാരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് പഴി കേട്ട ഒയർസബാൽ 21, 24 മിനിറ്റുകളിൽ ഇരട്ട ഗോൾ നേടി സ്പെയിനിന്റെ ലീഡ് മൂന്നായി ഉയർത്തി.

ആദ്യ പകുതിയിലെ സമ്പൂർണ ആധിപത്യത്തിന് ശേഷം രണ്ടാം പകുതിയിലും സ്പെയിൻ ആക്രമണം തുടർന്നു. 49-ാം മിനിറ്റിൽ സ്പാനിഷ് ഡിഫൻഡർ മാർക് കുക്കുറേയയുടെ ഷോട്ട് പ്രതിരോധിക്കുന്നതിനിടെ സൗദി താരം ഹസ്സൻ അലട്ടാംബക്റ്റിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറിയതോടെ സ്പെയിനിന്റെ ഗോൾപട്ടിക തികഞ്ഞു. പത്തോളം ഓൺ ടാർഗറ്റ് ഷോട്ടുകളുമായി കളം നിറഞ്ഞ സ്പെയിൻ ഈ വിജയത്തോടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഉറുഗ്വേയാണ് സ്പെയിനിന്റെ അടുത്ത എതിരാളികൾ.

 

വളരെ പുതിയ വളരെ പഴയ