ന്യൂഡല്‍ഹി: ഈ മാസം 21-ന് നടക്കാനിരിക്കുന്ന റീ-നീറ്റ് യുജി-2026 പരീക്ഷയുടെ സമയക്രമത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാറ്റം വരുത്തി.
പരീക്ഷാ സമയം 180 മിനിറ്റില്‍ നിന്ന് 195 മിനിറ്റായി (15 മിനിറ്റ്) വര്‍ദ്ധിപ്പിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് ഉച്ചയ്‌ക്ക് 2:00 മണി മുതല്‍ വൈകിട്ട് 5:15 വരെയായിരിക്കും പരീക്ഷ നടക്കുക. ഹാജര്‍ ബുക്കില്‍ ഒപ്പു വെക്കല്‍, ഇന്‍വിജിലേഷന്‍ നടപടികള്‍ തുടങ്ങിയ നിര്‍ബന്ധിത പരീക്ഷാ ഫോര്‍മാലിറ്റികള്‍ക്ക് ആവശ്യമായ സമയം കൂടി ഉള്‍പ്പെടുത്തിയാണ് പരീക്ഷാ സമയം നീട്ടിയിരിക്കുന്നത്.
പരീക്ഷ കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിദ്യാര്‍ത്ഥി സൗഹൃദവുമായി നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എന്‍ടിഎ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കാരങ്ങള്‍.
പരീക്ഷാ നടത്തിപ്പിലെ ഇത്തരം ചെറിയ മാറ്റങ്ങള്‍ പോലും ഉയര്‍ന്ന മത്സരപ്പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് എന്‍ടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. ചോദ്യപേപ്പറിലും ഇക്കുറി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ ബുക്ക്ലെറ്റില്‍ റഫ് വര്‍ക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തി. സമവാക്യങ്ങള്‍ ചെയ്യാനും ഡയഗ്രാമുകള്‍ വരയ്‌ക്കാനും ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്ഥലം ലഭിക്കും.
മുന്‍പത്തെ ലേഔട്ട് ഇടം കൈയ്യന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ബുക്ക്ലെറ്റിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചു.
ഇതനുസരിച്ച് രണ്ട് റഫ് പേജുകള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് തൊട്ടു പിന്നാലെ മുന്‍ഭാഗത്തും, ബാക്കി രണ്ട് പേജുകള്‍ ബുക്ക്ലെറ്റിന്റെ അവസാനത്തിലും നല്‍കും. ഇംഗ്ലീഷ്, പ്രാദേശിക ഭാഷാ പതിപ്പുകള്‍ ഉള്‍പ്പെടെ എല്ലാ ചോദ്യ പേപ്പറുകള്‍ക്കും ഈ പുതിയ ലേഔട്ട് ബാധകമായിരിക്കും.
പരീക്ഷാ പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിനായി, അഡ്മിറ്റ് കാര്‍ഡിലും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണമെന്നും പരീക്ഷാ ജീവനക്കാരുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടു.
