ന്യുഡൽഹി :ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ ഇത്തവണ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഒരുക്കിയിട്ടുള്ളത്.
സുതാര്യവും നീതിയുക്തവും വിദ്യാർഥിസൗഹൃദവുമായി പരീക്ഷ സംഘടിപ്പിക്കുമെന്ന് എൻടിഎ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിനായി 51,311 ജാമറുകളും 1,38,560 സിസിടിവികളും തയാറാക്കിയിട്ടുണ്ട്. പരീക്ഷ നടക്കുന്ന 95,000 മുറികളിലും സിസിടിവി ക്യാമറയും രണ്ട് ഇൻവിജിലേറ്റർമാരും വീതം ഉണ്ടാകും. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പത്തിലേറെ ഉയർന്ന ഉദ്യോഗസ്ഥരെയും 40 മുതൽ 50 വരെ സുരക്ഷാ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യമുണ്ടായാൽ സിസിടിവി ദൃശ്യങ്ങൾ വേഗത്തിൽ പരിശോധിക്കാൻ ഇത്തവണ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ സഹായവും തേടും. വിദ്യാർഥികളുടെ ദേഹപരിശോധനയും ബയോമെട്രിക് വെരിഫിക്കേഷനും ശക്തമാക്കും. ഇതിനായി യഥാക്രമം 38,795 ജീവനക്കാരെയും 48,448 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
22 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ 5.15 വരെയാണ് പരീക്ഷാ സമയം. രാവിലെ 11.30 മുതൽ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാം. ഉച്ചയ്ക്ക് 1.30ന് പരീക്ഷാഹാളിന്റെ വാതിലുകൾ അടയ്ക്കും. അതിനുശേഷം എത്തുന്ന ഒരൊറ്റ വിദ്യാർഥിയെപ്പോലും പരീക്ഷയെഴുതാൻ അനുവദിക്കില്ല.
വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദ്യാർഥികൾ അഡ്മിറ്റ് കാർഡ്, സാധുവായ ഒരു ഒറിജിനൽ ഫോട്ടോ ഐഡി കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ പരീക്ഷാ കേന്ദ്രത്തിൽ കരുതണം. മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അല്ലെങ്കിൽ സാധാരണ വാച്ചുകൾ, വാലറ്റുകൾ, ലഞ്ച് ബോക്സുകൾ എന്നിവ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കില്ല.
