മലയാളികളാണ് രാജ്യത്തെ ഏറ്റവും വലിയ മദ്യപാനികൾ എന്ന പൊതുധാരണ തിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സർവേ ഫലം. കേന്ദ്ര സർക്കാർ പുറത്തുവിട്ട ആറാമത് ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6) പ്രകാരം മദ്യ ഉപയോഗത്തിന്റെ കാര്യത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏറെ പിന്നിലാണ്. 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മദ്യോപയോഗ നിരക്ക് പരിശോധിച്ച പട്ടികയിൽ 19-ാം സ്ഥാനത്താണ് കേരളം ഒടുവിൽ എത്തിനിൽക്കുന്നത്.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ 50.5 ശതമാനം നിരക്കുമായി അരുണാചൽ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. 43.9 ശതമാനവുമായി തെലങ്കാന രണ്ടാമതുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്നാട് (23.5%), ആന്ധ്രാപ്രദേശ് (23.3%) എന്നിവയെല്ലാം മദ്യോപയോഗത്തിൽ കേരളത്തേക്കാൾ മുന്നിലാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ പുരുഷ മദ്യോപയോഗ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ് (22.7%). കേരളത്തിലെ സ്ത്രീകൾക്കിടയിലെ മദ്യോപയോഗം 0.3 ശതമാനം എന്ന വളരെ കുറഞ്ഞ നിരക്കിലാണ്.
ദീർഘകാലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് മദ്യോപയോഗ നിരക്കിൽ വലിയ നിയന്ത്രണം ദൃശ്യമാണ്. 2005-06 കാലഘട്ടത്തിലെ സർവേയിൽ കേരളത്തിലെ പുരുഷന്മാരുടെ മദ്യോപയോഗം 45 ശതമാനമായിരുന്നു. അവിടെ നിന്നാണ് വിപണി നിയന്ത്രണങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും നിലവിലെ 22.7 ശതമാനത്തിലേക്ക് നിരക്ക് പകുതിയോളമായി കുറഞ്ഞിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ 23.7 ശതമാനം പുരുഷന്മാരും നഗര മേഖലയിലെ 21.5 ശതമാനം പുരുഷന്മാരും മദ്യം ഉപയോഗിക്കുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു.
കേന്ദ്ര സർവേയിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ മുൻ സർവേയെ അപേക്ഷിച്ച് നേരിയ വർധന കാണിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ ഔദ്യോഗിക മദ്യവില്ല്പന ശൃംഖലയായ ബെവ്‌കോയുടെ (Bevco) യഥാർത്ഥ കണക്കുകൾ ഇതിന് വിരുദ്ധമാണ്. 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 3.35 കോടി കെയ്സ് മദ്യമാണ് ബെവ്കോ വിറ്റഴിച്ചിരുന്നതെങ്കിൽ, 2023-24ൽ അത് 3.30 കോടി കെയ്സുകളായി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് സർക്കാർ കടുത്ത നിയന്ത്രണത്തിലൂടെയും ബോധപൂർവ്വമായ ഇടപെടലുകളിലൂടെയും വ്യാജമദ്യത്തിന്റെ വരവ് പൂർണ്ണമായും തടയാനും ഗുണനിലവാരമുള്ള മദ്യം മാത്രം വിപണിയിൽ ഉറപ്പുവരുത്താനും ശ്രമിച്ചതിന്റെ പ്രതിഫലനമാണ് ഈ മാറ്റങ്ങൾ.
