തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയ പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് കോർപ്പറേഷന്റെ ഈ നീക്കം. ഇതിനൊപ്പം തന്നെ വരുമാനം വർധിപ്പിക്കുന്നതിനായി പരസ്യ മേഖലകളിൽ നിന്നുള്ള വരുമാന മാർഗങ്ങളും കെഎസ്ആർടിസി സജീവമാക്കുന്നുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം പ്രതിദിനം 10 ലക്ഷം മുതൽ 12 ലക്ഷം വരെ സ്ത്രീകളാണ് കെഎസ്ആർടിസി സർവീസുകളെ ആശ്രയിക്കുന്നത്. സൗജന്യ യാത്ര അനുവദിക്കുന്നതോടെ ഈ സംഖ്യ ഇനിയും വലിയ തോതിൽ ഉയരും. എന്നാൽ നിലവിൽ കോർപ്പറേഷന്റെ പക്കലുള്ള 5772 ബസുകളിൽ 700 ഓളം എണ്ണം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകളിലാണ്. ഫലത്തിൽ 5000 ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
മലബാർ മേഖലയിൽ ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ പുതിയ പദ്ധതി അവിടുത്തെ യാത്രക്കാർക്ക് പൂർണമായി പ്രയോജനപ്പെടില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ പ്രശ്നം പരിഹരിക്കാൻ കൂടിയാണ് കുറഞ്ഞത് 500 സ്വകാര്യ ബസുകളെങ്കിലും വാടകയ്ക്കെടുക്കാൻ മാനേജ്മെന്റ് ആലോചിക്കുന്നത്. പുതിയ ബസുകൾ വാങ്ങാൻ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ടെങ്കിലും നടപടികൾ പൂർത്തിയാകാൻ സമയമെടുക്കും.
അതേസമയം, 15 വർഷം കാലാവധി കഴിഞ്ഞ 1917 ബസുകൾക്ക് കേന്ദ്ര നയം മറികടന്ന് സംസ്ഥാന സർക്കാർ രണ്ട് തവണ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ ഇനി ഇത്തരം ഇളവുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ കർശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 340 പുതിയ ബസുകൾ കോർപ്പറേഷൻ വാങ്ങിയത്.
കെഎസ്ആർടിസിയുടെ വാടക പദ്ധതിയോട് സ്വകാര്യ ബസുടമകൾ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്. ബസുടമകൾ ആവശ്യപ്പെടുന്ന തുക നൽകാൻ കെഎസ്ആർടിസിക്ക് സാധിച്ചില്ലെങ്കിൽ ഈ നീക്കം പ്രതിസന്ധിയിലാകും.
:
