കെ.എസ്.ആർ.ടി.സി ബസുകളിൽ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വൻ വിജയമായതോടെ പുരുഷന്മാർക്ക് സീറ്റ് കിട്ടുന്നില്ലെന്ന് പരാതി. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും പുരുഷന്മാർക്കും പ്രത്യേക സീറ്റ് സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി അഖില കേരള ബസ് യാത്രിക അസോസിയേഷൻ രംഗത്തെത്തി. സംവരണ ആവശ്യമുന്നയിച്ച് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് കാരണം ദിവസേന യാത്ര ചെയ്യുന്നവർ, ദീർഘദൂര യാത്രക്കാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സീറ്റ് കിട്ടാൻ വലിയ പ്രയാസ നേരിടുന്നതായി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇരിക്കാനല്ല, പിടിച്ചുനിൽക്കാനാണ് ബസ് യാത്ര എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അവർ പറയുന്നു.
നിലവിൽ സ്ത്രീകൾ, വയോജനങ്ങൾ, അമ്മയും കുഞ്ഞും, ഭിന്നശേഷിക്കാർ എന്നിവർക്ക് സീറ്റ് സംവരണം നിലവിലുണ്ടെങ്കിലും പുരുഷന്മാർക്ക് പ്രത്യേക സീറ്റുകൾ ഇല്ലാത്തത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് യാത്രികരുടെ വാദം. ഹെർണിയ, നടുവേദന, ഹൃദ്രോഗം, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങി പുറമേ കാണാനാകാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്കും ഒറ്റ നിൽപ്പിൽ നീണ്ടുനിൽക്കുന്ന യാത്ര വലിയ ബുദ്ധിമുട്ടാകുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ തുടങ്ങി സംസ്ഥാനത്തെ വിവിധ ഓർഡിനറി ഷെഡ്യൂളുകളിലാണ് കെ.എസ്.ആർ.ടി.സി വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. നിലവിൽ സംസ്ഥാനത്തുടനീളം രണ്ടായിരത്തി തൊള്ളായിരത്തിലധികം ഓർഡിനറി ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്.
