കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഫറോഖ് സ്വദേശിയായ 43-കാരന്റെ സാമ്പിളിൽ നിപ വൈറസ് പോസിറ്റീവ് ആയതായി കണ്ടെത്തിയത്.
രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഇയാളെ കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി നാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. അന്തിമ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളിന്റെ പരിശോധനാ ഫലം നാളെ പൂനെയിലെ National Institute of Virology (NIV)യിൽ നിന്ന് ലഭിക്കും.
ഇതിനിടെ രോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. രോഗബാധയുടെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
