Zygo-Ad

സംസ്ഥാനത്ത് സൗജന്യ സ്കൂൾ യൂണിഫോം വിതരണം വൈകുന്നു; ആശങ്കയോടെ രക്ഷിതാക്കളും അധ്യാപകരും

 


കൊച്ചി: സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ചില സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം പൂർത്തിയായില്ലെന്ന് പരാതി. യൂണിഫോമിനുള്ള തുണി ലഭ്യമാക്കുന്നതിലുണ്ടായ കാലതാമസവും തുന്നൽ നടപടികൾ വൈകുന്നതുമാണ് വിതരണം നീണ്ടുപോകാൻ കാരണമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. സർക്കാർ സ്കൂളുകളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾക്കും, എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കുമാണ് സൗജന്യമായി കൈത്തറി യൂണിഫോം തുണി നൽകുന്നത്. ഇതിന് പുറമെ അർഹരായ മറ്റ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് യൂണിഫോം അലവൻസും അനുവദിക്കുന്നുണ്ട്. ഈ വർഷത്തെ അലവൻസ് വിതരണത്തിനായുള്ള വിവരശേഖരണം പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ.

അധ്യയന വർഷം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും യൂണിഫോം ലഭിക്കാത്തത് കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും സ്കൂളിലെ സമത്വബോധത്തിന് തടസ്സമാകുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. എല്ലാ വിദ്യാർഥികൾക്കും ഒരേ സമയം യൂണിഫോം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതേസമയം, യൂണിഫോം തുണി പല ഘട്ടങ്ങളായി വിതരണം ചെയ്യുന്നത് തങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധ്യാപകരും പരാതിപ്പെടുന്നു. തുണി ഏറ്റുവാങ്ങാൻ പ്രധാന അധ്യാപകർ പഠനസമയം മാറ്റിവെച്ച് വിതരണ കേന്ദ്രങ്ങളിൽ പോകേണ്ടി വരുന്ന അവസ്ഥയാണ്. മുൻവർഷങ്ങളിലും ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. വിതരണ സംവിധാനത്തിലെ അപാകതകൾ പരിഹരിച്ച് കൃത്യസമയത്ത് യൂണിഫോം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

 

വളരെ പുതിയ വളരെ പഴയ