ഫിഫ ലോകകപ്പിൽ യൂറോപ്യൻ കരുത്തരായ നെതർലൻഡ്‌സിനും ജർമ്മനിക്കും തകർപ്പൻ വിജയങ്ങൾ. ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നെതർലൻഡ്‌സ് തകർത്തത്. യുഎസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഓറഞ്ച് പടയ്ക്കായി ബ്രയാൻ ബ്രോബി, കോഡി ഗാക്‌പോ എന്നിവർ ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോൾ ക്രിസെൻസിയോ സമ്മർവില്ലെ ഒരു ഗോൾ നേടി. സ്വീഡന്റെ ഏക ആശ്വാസ ഗോൾ ആന്തണി ഇലങ്കയുടെ വകയായിരുന്നു. ആദ്യ മത്സരത്തിൽ ജപ്പാനോട് സമനില വഴങ്ങിയ നെതർലൻഡ്‌സ് ഈ വമ്പൻ ജയത്തോടെ നോക്കൗട്ട് സാധ്യതകൾ സജീവമാക്കി.
മറ്റൊരു മത്സരത്തിൽ ഐവറി കോസ്റ്റിനെ തകർത്ത് ജർമ്മനി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മുൻ ചാമ്പ്യന്മാരുടെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ജർമ്മനിയുടെ ശക്തമായ തിരിച്ചുവരവ്. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയിലൂടെ ഐവറി കോസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി 68, 90+4 മിനിറ്റുകളിൽ ഇരട്ട ഗോൾ നേടിയ ഡെനിസ് ഉന്ദാവ് ജർമ്മനിക്ക് ആവേശ വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ക്യുറസാവോയെ തകർത്ത ജർമ്മനിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.
