Zygo-Ad

'മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോള്‍ പൈസ തിരികെ തരാം'; കുഞ്ഞു റുവാനിക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കും: മുഖ്യമന്ത്രിയുടെ ഉറപ്പ്


തിരുവനന്തപുരം: ചോർന്നൊലിക്കാത്ത, അടച്ചുറപ്പുള്ളൊരു വീടെന്ന കുഞ്ഞു റുവാനിയുടെ ആവശ്യം സഫലമാകും. മുഖ്യമന്ത്രിയോട് പുതിയ വീടിനായി അഭ്യർഥിച്ച ആറുവയസുകാരി റുവാനിയുടെ കുടുംബത്തിന് വീട് നിർമിച്ച്‌ നല്‍കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച്‌ ഉറപ്പു നല്‍കി.

വിഴിഞ്ഞം സ്വദേശിനിയായ റുവാനിയുടെ ദുരിതജീവിതം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്. മഴ പെയ്യുമ്പോള്‍ വീട്ടിനുള്ളില്‍ വെള്ളം കയറുന്നതും രാത്രി ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയുമാണ് കുട്ടി പങ്കുവെച്ചത്.

 ഈ വീഡിയോ മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രദ്ധയില്‍പെട്ടതോടെ റുവാനിയുടെ കുടുംബത്തിന് വീടു നിർമ്മിച്ചു നല്‍കാനുള്ള ഇടപെടല്‍ നടത്തി. ഇക്കാര്യം നേരിട്ട് അറിയിക്കുകയുമായിരുന്നു.

നിലവില്‍ അച്ഛനും അമ്മയും സഹോദരനുമൊത്ത് വിഴിഞ്ഞത്തെ ചെറിയൊരു ചായ്പ്പിലാണ് റുവാനിയുടെ താമസം. അടച്ചുറപ്പില്ലാത്തതും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തതുമായ ഈ വീട്ടില്‍ ശുചിമുറി സൗകര്യവും ലഭ്യമല്ല.

 വർഷങ്ങളായി ദുരിതപൂർണമായ സാഹചര്യത്തില്‍ കഴിയുന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വലിയ ആശ്വാസമായിരിക്കുകയാണ്.

'മുഖ്യമന്ത്രി ഞങ്ങള്‍ക്ക് ഒരു പുതിയ വീട് വെച്ചുതരണം, അതില്‍ ഞങ്ങള്‍ക്ക് ഉറങ്ങണം. ഞാൻ വലുതാകുമ്പോള്‍ ജോലി കിട്ടി പൈസ തിരികെ തരാം' എന്ന റുവാനിയുടെ നിഷ്കളങ്കമായ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 കുഞ്ഞിന്റെ വാക്കുകള്‍ കേട്ട മുഖ്യമന്ത്രി കുടുംബത്തെ നേരിട്ട് ഫോണില്‍ വിളിച്ച്‌ സംസാരിക്കുകയും വീട് നല്‍കുമെന്ന വലിയ ഉറപ്പ് നല്‍കുകയുമായിരുന്നു.

നിലവില്‍ അതീവ കഷ്ടപ്പാടിലാണ് റുവാനിയും കുടുംബവും കഴിയുന്നത്. ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. അധ്യാപകർ മുൻകൈ എടുത്ത് വാങ്ങി നല്‍കിയ രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് ഇട്ട ഒരു ചെറിയ ചായ്പ്പിലാണ് റുവാനിയും സഹോദരനും മാതാപിതാക്കളും താമസിക്കുന്നത്.

 ഇതിനു മുൻപ് പലതവണ വീടിനായി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല.

വളരെ പുതിയ വളരെ പഴയ