ഡല്‍ഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി ഡീസല്‍ വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം ഉത്തരവിറക്കി.
പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ചില്ലറ വില്‍പന നടത്തുന്ന പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു വ്യക്തിക്കോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസല്‍ മാത്രമേ ഇനി അനുവദിക്കൂ.
വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കള്‍ സാധാരണ പമ്പുകളില്‍ നിന്ന് വൻതോതില്‍ ഇന്ധനം വാങ്ങി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് അടിയന്തരമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
താല്‍ക്കാലികമായി 90 ദിവസത്തേക്കാണ് ഈ ക്രമീകരണമെങ്കിലും, സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ കാലാവധി നീട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചില്ലറ വില്‍പന നിരക്കും മൊത്തവ്യാപാര നിരക്കും തമ്മിലുള്ള വൻ വിലവ്യത്യാസമാണ് വൻകിടക്കാരെ സാധാരണ പമ്പുകളിലേക്ക് ആകർഷിച്ചത്.
ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുകളില്‍ ഒരു ലിറ്റർ ഡീസലിന് 95.20 രൂപയുള്ളപ്പോള്‍, വൻകിടക്കാർക്കുള്ള മൊത്ത വ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്.
ലിറ്ററിന് ഏകദേശം 40 രൂപയോളമുള്ള ഈ വ്യത്യാസം മുതലെടുത്ത് ടെലികോം ടവറുകള്‍, ജനറേറ്ററുകള്‍, വൻകിട നിർമാണ കമ്പനികള്‍ തുടങ്ങിയവ മൊത്തവ്യാപാര കേന്ദ്രങ്ങളെ ഒഴിവാക്കി സാധാരണ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു.
ഇത് പൊതുജനങ്ങള്‍ക്ക് പമ്പുകളില്‍ നിന്നുള്ള ഇന്ധന ലഭ്യതയെ ദോഷകരമായി ബാധിക്കുകയും പ്രാദേശികമായി ഡീസല്‍ ക്ഷാമത്തിന് കാരണമാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.
പെട്രോള്‍ പമ്പുകളില്‍ നിന്ന് നേരിട്ട് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ അല്ലെങ്കില്‍ ‘പെസോ’ അംഗീകൃത പ്രത്യേക കണ്ടെയ്നറുകളിലേക്കോ മാത്രമേ ഇനി ഇന്ധനം നല്‍കാവൂ എന്ന് കർശന നിർദേശമുണ്ട്. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന ഇന്ധനം യാതൊരു കാരണവശാലും മറിച്ചു വില്‍ക്കാൻ പാടില്ല.
കാനുകളിലും മറ്റും വലിയ അളവില്‍ ഡീസല്‍ വാങ്ങി വീണ്ടും വില്‍ക്കുന്ന കരിഞ്ചന്താ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം, സാധാരണക്കാരായ കാർ, ഇരുചക്ര വാഹന ഉടമകളെ ഈ 200 ലിറ്റർ പരിധി യാതൊരു തരത്തിലും ബാധിക്കില്ലെന്നും പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ ഇന്ധനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
