വണ്ടൂർ: സൗദിയിലേക്കു പോകുന്ന യുവാവിനെ കബളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. സുഹൃത്തിനു നല്‍കാൻ വസ്ത്രങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിന് ശ്രമിച്ചത്.
പരാതിയില്‍ കേസെടുത്ത പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
അവധി കഴിഞ്ഞ് മടങ്ങാനിരുന്ന വണ്ടൂർ ചെറുകോട് മുതീരിയിലെ നാലകത്ത് സല്‍മാന്റെ പക്കലാണ് സഹ ജോലിക്കാരന് നല്‍കണമെന്നാവശ്യപ്പെട്ട് വസ്ത്രങ്ങളില്‍ കഞ്ചാവ് ഒളിപ്പിച്ചു നല്‍കിയത്.
സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യുന്നതിനിടെ കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവു പൊതികള്‍ കാണുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജിദ്ദയില്‍ ജോലി ചെയ്യുന്ന സല്‍മാൻ വെള്ളിയാഴ്ചയാണ് മടങ്ങാനിരുന്നത്.
നാട്ടുകാരനായ സുഹൃത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് സുഹൃത്തിന്റെ സഹോദരനാണ് വസ്ത്രങ്ങള്‍ അടങ്ങിയ കവറുമായി വിളിക്കുന്നത്.
ഈ സമയം മഞ്ചേരിയിലായിരുന്ന സല്‍മാൻ കവർ പട്ടരക്കയിലുള്ള കടയില്‍ ഏല്പിക്കാൻ നിർദേശിച്ചു. ഒരു കാർഗോസ് പാന്റ്സും ത്രീഫോർത്തുമായിരുന്നു കവറില്‍. പാന്റിന്റെ എല്ലാ കീശയിലും ചെറിയ കവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
ഉടൻ തന്നെ നാട്ടിലെ ജനകീയ കൂട്ടായ്മ പ്രവർത്തകരായ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ നാലിന് സല്‍മാൻ സൗദിയിലേക്ക് മടങ്ങി. സല്‍മാന്റെ പിതാവിന്റെ പരാതിയിലാണ് വണ്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
