കണ്ണൂർ: ജില്ലയിൽ 2025 നവംബർ മുതൽ 2026 മെയ് വരെയുള്ള ഏഴ് മാസ കാലയളവിൽ മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയത് 9248 റേഷൻ കാർഡുകൾ. ഇതിൽ 8630 എണ്ണം പിങ്ക് കാർഡും (പിഎച്ച്എച്ച്), 618 എണ്ണം മഞ്ഞ കാർഡുമാണ് (എഎവൈ).
ജില്ലയിലാകെ 6,92,330 റേഷൻ കാർഡുകൾ ആണുള്ളത്. ഇതിൽ മഞ്ഞ കാർഡ്-37272, പിങ്ക് കാർഡ്-201245, നീല (എൻപിഎസ്)-194488, വെള്ള (എൻപിഎൻഎസ്)-257710, ബ്രൗൺ കാർഡ് (ഇൻസ്റ്റിറ്റ്യൂഷൻ കാർഡ്)-1615 എന്നിങ്ങനെയാണ്.
ജില്ലയിലെ കഴിഞ്ഞ മൂന്ന് മാസത്തെ റേഷൻ വിതരണത്തിന്റ തോത് ശരാശരി 90 ശതമാനമാണ്. 66 അംഗീകൃത ക്ഷേമ സ്ഥാപനങ്ങൾക്കാണ് റേഷൻ വിതരണം ചെയ്യുന്നത്. ഈ സ്ഥാപനങ്ങളിലായി 2979 അന്തേവാസികൾ താമസിച്ചുവരുന്നു.
ജില്ലയിലെ നാല് സുഭിക്ഷ ഹോട്ടലുകളിലൂടെ 30 രൂപയ്ക്കാണ് ഊണ് നൽകുന്നത്. ഒരു ഊണിന് 5 രൂപ നിരക്കിലാണ് സർക്കാർ സബ്സിഡി. മാസം ശരാശരി 31000 ഊൺ വിൽപ്പന നടത്തുന്നുണ്ട്.
സഞ്ചരിക്കുന്ന റേഷൻ കട മുഖേന ഒൻപത് ഗോത്രവർഗ ഉന്നതികളിൽ, 348 കുടുംബങ്ങൾക്കായി നിലവിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു.
ജില്ലയിൽ ആകെ 860 റേഷൻകടകളും 110 കെ-സ്റ്റോറുകളും ആണുള്ളത്. 2025 ഏപ്രിൽ മുതൽ 2026 മെയ് വരെ 1.89 കോടി രൂപയുടെ വിൽപ്പന കെ-സ്റ്റോറുകൾ വഴി നടത്താൻ കഴിഞ്ഞു. 2026 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി പൊതുവിപണിയിൽ 409 പരിശോധനകൾ നടത്തിയതായും ജില്ലാ സിവിൽ സപ്ലൈസ് ഓഫീസ് അധികൃതർ പറഞ്ഞു.
